അറസ്റ്റ് തടയണമെന്ന നാദിര്‍ഷയുടെ ഹര്‍ജി കോടതി തള്ളി; മുന്‍കൂര്‍ ജാമ്യാപേക്ഷ 13ന് പരിഗണിക്കും

കൊച്ചി: തന്നെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടനും സംവിധായകനുമായ നാദിര്ഷ നല്കിയ ഹര്ജി കോടതി തള്ളി. നാദിര്ഷ നല്കിയ മുന്കൂര് ജാമ്യാപേക്ഷ 13-ാം തിയതി പരിഗണിക്കും. നടിയെ ആക്രമച്ച കേസില് പോലീസ് വീണ്ടും ചോദ്യം ചെയ്യാന് വിളിപ്പിച്ചതിനെത്തുടര്ന്ന് ആശുപത്രിയില് ചികിത്സ തേടിയ നാദിര്ഷ പിന്നീട് ജാമ്യാപേക്ഷ നല്‍കുകയായിരുന്നു.
പ്രോസിക്യൂഷന് അനുകൂലമായി മൊഴി കൊടുക്കണമെന്ന് പൊലീസ് സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നുമാണ് നാദിര്‍ഷ പരാതിയില്‍ പറഞ്ഞത്. മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്. ദിലീപിനെ ചോദ്യം ചെയ്തതിനൊപ്പം ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച് നാദിര്‍ഷയെ പോലീസ് ചോദ്യം ചെയ്തിരുന്നു.
ദിലീപിന്റെ അറസ്റ്റോടെ കേസിന്റെ ഒരു ഘട്ടം മാത്രമേ പൂര്‍ത്തിയായിട്ടുളളൂവെന്നും അന്വേഷണം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നുമാണ് പോലീസ് അറിയിച്ചത്. അതുകൊണ്ടുതന്നെ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ട്. അറിയാവുന്ന കാര്യങ്ങള്‍ താന്‍ നേരത്തേ നടന്ന ചോദ്യം ചെയ്യലില്‍ പറഞ്ഞിട്ടുണ്ടെന്നും താന്‍ നിരപരാധിയാണെന്നുമാണ് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്.

