ബാലുശേരിയില്‍ മത്സരിക്കാന്‍ ധര്‍മജന്‍ താല്‍പര്യം അറിയിച്ചു; എം.എം.ഹസന്‍

ബാലുശേരിയില് മത്സരിക്കാന് മിമിക്രി, സിനിമാ താരം ധര്മജന് താല്പര്യം അറിയിച്ചുവെന്ന് യുഡിഎഫ് കണ്വീനര് എം.എം.ഹസന്.
 | 
ബാലുശേരിയില്‍ മത്സരിക്കാന്‍ ധര്‍മജന്‍ താല്‍പര്യം അറിയിച്ചു; എം.എം.ഹസന്‍

തിരുവനന്തപുരം: ബാലുശേരിയില്‍ മത്സരിക്കാന്‍ മിമിക്രി, സിനിമാ താരം ധര്‍മജന്‍ താല്‍പര്യം അറിയിച്ചുവെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍. യുഡിഎഫ് നേതൃത്വത്തില്‍ നിന്നുള്ള സ്ഥിരീകരണം കൂടി വന്നതോടെ ധര്‍മജന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യം ഏകദേശം ഉറപ്പായിക്കഴിഞ്ഞു. സിപിഎമ്മിന്റെ പുരുഷന്‍ കടലുണ്ടിയാണ് മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ.

സംവരണ മണ്ഡലമായ ബാലുശേരിയില്‍ മുസ്ലീം ലീഗിലെ യു.സി.രാമനായിരുന്നു കഴിഞ്ഞ തവണ മത്സരിച്ചത്. 15,000ത്തോളം വോട്ടുകള്‍ക്ക് രാമനെ പരാജയപ്പെടുത്തിയാണ് പുരുഷന്‍ കടലുണ്ടി ഇവിടെ വിജയിച്ചത്. ഇത്തവണ മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുത്തു കൊണ്ട് കുന്ദമംഗലം മുസ്ലീം ലീഗിന് വിട്ടുകൊടുക്കുക എന്ന ഫോര്‍മുലയായിരിക്കും യുഡിഎഫ് പരീക്ഷിക്കുക. അങ്ങനെയാണെങ്കില്‍ ധര്‍മജന്‍ ഇവിടെ സ്ഥാനാര്‍ത്ഥിയാകും.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കുന്ദമംഗലത്ത് കോണ്‍ഗ്രസായിരുന്നു മത്സരിച്ചത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവിനെയായിരിക്കും എല്‍ഡിഎഫ് ബാലുശേരിയില്‍ മത്സരത്തിനിറക്കുക. അതുകൊണ്ടു തന്നെ ധര്‍മജനെ പോലെ ജനപ്രിയനായ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മണ്ഡലം തിരിച്ചു പിടിക്കാമെന്നാണ് യുഡിഎഫ് കണക്കു കൂട്ടുന്നത്.