പരസ്യത്തിലെ അവകാശവാദങ്ങള്‍ തെറ്റ്; ധാത്രിക്കും നടന് അനൂപ് മേനോനും പിഴയിട്ട് ഉപഭോക്തൃ കോടതി

തൃശൂര്‍: പരസ്യത്തിലെ അവകാശവാദങ്ങള്‍ തെറ്റാണെന്ന ഹര്‍ജിയില്‍ ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡിനും നടനും പരസ്യത്തില്‍ മോഡലുമായ അനൂപ് മേനോനും പിഴയിട്ട് ഉപഭോക്തൃ കോടതി. തൃശൂര്‍ ഉപഭോക്തൃ കോടതിയാണ് ധാത്രിക്കും അനൂപ് മേനോനും പിഴയിട്ടത്. ഇരു കക്ഷികളും 10,000 രൂപ വീതം പിഴയായി നല്‍കണം. വൈലത്തൂര്‍ സ്വദേശി ഫ്രാന്‍സിസ് വടക്കന്‍ നല്കിയ ഹര്‍ജിയിലാണ് നടപടി. ധാത്രി ഹെയര്‍ ക്രീം പതിവായി ഉപയോഗിച്ചിട്ടും മുടി വളര്‍ന്നില്ലെന്നാണ് പരാതി. ഹെയര്‍ ക്രീം വിറ്റ എ വണ്‍ മെഡിക്കല്‍സ് ഉടമ കോടതിച്ചെലവായി 3000 രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു.
ധാത്രിയുടെ പരസ്യത്തില്‍ അനൂപ് മേനോനും കാവ്യ മാധവനുമാണ് അഭിനയിച്ചിരിക്കുന്നത്. അനൂപ് മേനോന് പരസ്യത്തില്‍ പറയുന്ന വാക്ക് വിശ്വസിച്ച് താന്‍ ഹെയര്‍ ക്രീം ഉപയോഗിക്കുന്നത് പതിവാക്കിയെന്ന് പരാതിക്കാരന് പറഞ്ഞു. ഇത് ഉപയോഗിച്ചിട്ടും മുടി വളര്‍ന്നില്ല. മാത്രമല്ല ആളുകള്‍ക്കിടയില്‍ താന്‍ അപഹാസ്യനാവുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ഫ്രാന്‍സിസ് തൃശൂര്‍ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ബില്ലുകളും ഹാജരാക്കിയിരുന്നു.
കേസില്‍ അനൂപ് മേനോനെയും കോടതി വിസ്തരിച്ചിരുന്നു. ഉല്പന്നം താന്‍ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു അനൂപ് നല്കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ഗുണനിലവാരം ബോധ്യമാകാതെ പരസ്യത്തില്‍ അഭിനയിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിന് അനൂപ് മേനോന് പിഴയിടുകയായിരുന്നു. പിഴത്തുക പരാതിക്കാരന് നല്‍കാനാണ് കോടതി നിര്‍ദേശം.