നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് കാണാന്‍ അനുവദിക്കണമെന്ന് ദിലീപ്; പുതിയ ഹര്‍ജി നല്‍കി

കൊച്ചി: നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള് ഒറ്റയ്ക്ക് പരിശോധിക്കാന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹര്ജി നല്‍കി. കേസിലെ മറ്റു പ്രതികള്‍ക്കൊപ്പം ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നായിരുന്നു കോടതി നേരത്തേ ഉത്തരവിട്ടിരുന്നത്. ഇന്നാണ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കോടതി സമയം നല്‍കിയിരിക്കുന്നത്. ഹര്‍ജി ഇന്ന് തന്നെ കോടതി പരിഗണിക്കും.
കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് നടിയെ ആക്രമിച്ച കേസിലെ വിചാരണ നടക്കുന്നത്. ഇവിടെത്തന്നെയാണ് ദിലീപ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ദിലീപിന് പുറമേ സുനില്‍കുമാര്‍, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സനില്‍കുമാര്‍ എന്നിവരാണ് ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് കാട്ടി അപേക്ഷ നല്‍കിയത്.
പ്രോസിക്യൂഷന്റെ സാന്നിധ്യത്തിലാണ് ദൃശ്യങ്ങള്‍ പരിശോധിക്കുക. ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സാങ്കേതിക വിദഗ്ദ്ധന്റെ സഹായം ദിലീപ് തേടിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ നല്‍കണമെന്ന ദിലീപിന്റെ ആവശ്യം നേരത്തേ സുപ്രീം കോടതി തള്ളിയിരുന്നു.