മലയാള സിനിമ സജീവമാകുന്നു; ദൃശ്യം-2 സെപ്റ്റംബര്‍ 15ന് ഷൂട്ടിംഗ് ആരംഭിക്കും

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയ പശ്ചാത്തലത്തില്‍ മലയാള സിനിമ സജീവമാകുന്നു. ജീത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 സെപ്റ്റംബര്‍ 15ന് ചിത്രീകരണം ആരംഭിക്കും. സെപ്റ്റംബര്‍ 7ന് ഷൂട്ടിംഗ് ആരംഭിക്കാനിരുന്ന ചിത്രം 15ലേക്ക് മാറ്റുകയായിരുന്നു. എറണാകുളത്തും തൊടുപുഴയിലുമായി ഷൂട്ടിംഗ് നടക്കും. എറണാകുളത്ത് തയ്യാറാക്കിയ സെറ്റിലായിരിക്കും ആദ്യഘട്ട ചിത്രീകരണം.
ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിലെ ഏകദേശം എല്ലാ താരങ്ങളും ചിത്രത്തിലുണ്ടാകും. ഇതു കൂടാതെ പുതിയ ചില കഥാപാത്രങ്ങളെ രണ്ടാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പാണ് നിര്‍വഹിക്കുന്നത്. മോഹന്‍ലാലിന്റെ നീണ്ട താടിയുമായുള്ള ചിത്രം ദൃശ്യം 2ലെ ഗെറ്റപ്പ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതായിരിക്കില്ല ചിത്രത്തിലെ ഗെറ്റപ്പ് എന്ന് സംവിധായകന് ജീത്തു ജോസഫ് പിന്നീട് വ്യക്തമാക്കിയിരുന്നു.
ദൃശ്യം 2 കൂടാതെ വിജയ് ബാബു നിര്‍മിക്കുന്ന ഇന്ദ്രന്‍സ് നായകനാകുന്ന ചിത്രവും ഉടന്‍ ചിത്രീകരണം ആരംഭിക്കും. ഫിലിപ്സ് ആന്‍ഡ് മങ്കിപെന്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഓണത്തിന് ശേഷം ആരംഭിക്കുമെന്ന് വിജയ് ബാബു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബോളിവുഡ് സിനിമകളും സജീവമാവുകയാണ്. രാജീവ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന അക്ഷയ്കുമാര്‍ ചിത്രം സ്കോട്ട്ലന്‍ഡില്‍ ചിത്രീകരണം ആരംഭിച്ചു.