സിനിമകളുടെ വൈഡ് റിലീസിങിനെച്ചൊല്ലി തർക്കം; തൃശൂർ ഗാനം തിയേറ്ററിന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ വിലക്ക്
തൃശൂർ: സിനിമകളുടെ വൈഡ് റിലീസിങിനെച്ചൊല്ലി സിനിമാ സംഘടനകൾ തമ്മിൽ വീണ്ടും തർക്കം. സിനിമ റിലീസ് ചെയ്യുന്നതിൽ നിന്ന് തൃശൂർ വളർക്കാവിലെ ‘ഗാനം’ തിേയറ്ററിന് എക്സിബിറ്റേഴ്സ് ഫെഡറേഷൻ വിലക്കേർപ്പെടുത്തി. ഇന്ന് റിലീസ് ചെയ്യേണ്ട ‘തിങ്കൾ മുതൽ വെള്ളി വരെ’ എന്ന ചിത്രത്തിന്റെ പ്രദർശിപ്പിക്കുന്നതിനാണ് വിലക്ക്. ഇതേത്തുടർന്ന് ഗാനം തിയേറ്റർ താൽക്കാലികമായി പൂട്ടി. ഫെഡറേഷന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി വിതരണക്കാരുടെ സംഘടന രംഗത്തെത്തി.
ഗാനം തിയേറ്ററിൽ പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യുന്നത് തൃശൂർ നഗരത്തിലുള്ള മറ്റ് തിയേറ്ററുകളുടെ കളക്ഷനെ ബാധിച്ചിരുന്നു. നഗരത്തിലെ തിയേറ്റർ ഉടമകളുടെ പരാതിയിലാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ ചിത്രം പ്രദർശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയതെന്നാണ് സൂചന. അതേസമയം ഗാനം തിയേറ്ററിന് വിലക്ക് ഏർപ്പെത്തിയിട്ടില്ലെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡണ്ട് ലിബർട്ടി ബഷീർ പറഞ്ഞു.


