അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നുവെന്ന് വ്യാജ പ്രചാരണം; വാര്‍ത്ത നിഷേധിച്ച് താരം

തിരുവനന്തപുരം: നടന് അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നുവെന്ന് വ്യാജ പ്രചാരണം. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്ത പിന്നീട് വ്യാപകമായി പ്രചരിക്കുകയായിരുന്നു. വാര്‍ത്തകള്‍ക്കെതിരെ സുരേഷ് രംഗത്തെത്തി. എന്നെങ്കിലും താന്‍ വിവാഹം കഴിക്കും. എന്നാല്‍ അതിന് മുന്‍പ് ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് സുരേഷ് പറഞ്ഞു. 2016ലും സുരേഷ് വിവാഹിതനാകുന്നുവെന്ന വ്യാജ പ്രചാരണം നടന്നിരുന്നു.
ബിഗ് ബോസ് ഷോയില്‍ സുരേഷിനൊപ്പം പങ്കെടുത്ത അദിതിയുടെ ചിത്രത്തിനൊപ്പമായിരുന്നു വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. വിവാഹ വാര്‍ത്ത സുരേഷ് സ്ഥിരീകരിച്ചുവെന്നും വധുവിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ലെന്നും വ്യാജവാര്‍ത്തയില്‍ പറഞ്ഞിരുന്നു. ഇതിനൊപ്പം തൃശൂര്‍ സ്വദേശിനിയായ 37 കാരിയാണ് വധുവെന്നും ഇവര്‍ ബിസിനസുകാരിയാണെന്നും വിവരിച്ചിരുന്നു.
നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് വിവാഹമെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. വ്യാജ വാര്‍ത്ത വേദനിപ്പിച്ചുവെന്നാണ് സുരേഷ് പ്രതികരിച്ചത്. തന്റെ അമ്മയെ കാണാന്‍ എത്തിയപ്പോള്‍ അതിദിക്കൊപ്പം എടുത്ത ചിത്രമാണ് വ്യാജ വാര്‍ത്തയ്ക്കായി ഉപയോഗിച്ചതെന്നും സുരേഷ് പറഞ്ഞു.