സ്ലീവാച്ചനും, ഗോവിന്ദും ചില അഭിനയ ചിന്തകള്‍ (അവാർഡ് ചിന്തയല്ല); ആസിഫ് അലിയുടെ അഭിനയത്തെക്കുറിച്ച് എം.ജി.ജ്യോതിഷ് എഴുതുന്നു

എല്ലാവരും പൊതുവെ അഭിപ്രായം പറയുന്ന ഒന്നാണ് അഭിനയകല ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടില്ല തുടങ്ങിയ മാനദണ്ഡങ്ങളിലാണ് പലപ്പോഴും ഇവ വിലയിരുത്തപ്പെടുന്നത് പക്ഷേ ഈ വിലയിരുത്തലുകളുടെ പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള മാനദണ്ഡങ്ങളോ ശാസ്ത്രീയത ഉണ്ടോ? പൊതുവെ അഭിനയകല ഉപയോഗിക്കപ്പെടുന്ന ഒട്ടനവധി കലാരൂപങ്ങള്‍ ഉണ്ട് കൂടിയാട്ടം, കഥകളി, നൃത്തനൃത്യങ്ങള്‍, മൈം തുടങ്ങി ഒട്ടനവധി കലാരൂപങ്ങള്‍ പക്ഷേ ഇവയെ കുറിച്ചൊന്നും സാധാരണ നമ്മള് അഭിപ്രായം പറയാറില്ല. കാരണം അവയെ വിലയിരുത്താന്‍ ആ ഫോമിനെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.
പക്ഷേ സിനിമാ അഭിനയത്തെക്കുറിച്ച് എല്ലാവരും അഭിപ്രായം പറയാറുണ്ട്. കാരണം അത് ജീവിതത്തില്‍ മനുഷ്യര്‍ പെരുമാറുന്നതുപോലെ ആണ് എന്നുള്ളത് കൊണ്ടാണ്. എന്നാല്‍ അഭിനയമെന്ന കല ജീവിതത്തിലെ പോലെ സ്വാഭാവികമായ പെരുമാറ്റം മാത്രമാണോ? എങ്ങനെയാണ് അത് ഒരു കലയായി മാറുന്നത് ? കേവല പെരുമാറ്റങ്ങള്‍ക്കപ്പുറം അതില്‍ പ്രത്യേകിച്ച് എന്തെങ്കിലും സംഭവിക്കുന്നുണ്ടോ?
പല നടന്മാര്ക്കും ഫാന്‍സ് അസോസിയേഷനുകളും ഉണ്ട്. പക്ഷേ ഇത് അഭിനയം എന്ന കലയുടെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണോ അതോ ഹീറോയിസം മുന്‍നിര്‍ത്തിയുള്ള സാമൂഹ്യ നിര്‍മിതികളോടുള്ള ആരാധനയാണോ ? പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള കഥാപാത്ര നിര്‍മ്മിതികളാണ് പൊതുവെ ജനപ്രിയമാക്കുന്നത്. പലപ്പോഴും നടന്മാര് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ വരെ ഇത്തരം മാനദണ്ഡങ്ങള്‍ വളരെ അധികം സ്വാധീനിച്ച് കാണാറുണ്ട്. സിനിമാ അഭിനയത്തില്‍ പൊതുവെ ഉപയോഗിക്കപ്പെടുന്നത് ‘റിയലിസം’ എന്ന ശൈലിയാണ്. പക്ഷെ വളരെ തെറ്റിദ്ധരിക്കപ്പെടുന്ന രീതിയില്‍ ആണ് പലപ്പോഴും ഈ ശൈലി ഉപയോഗിച്ച് കണ്ടിട്ടുള്ളത്.
”ജീവിതത്തിനു നേരെ പിടിച്ച കണ്ണാടി ‘ എന്ന വലിയ അര്‍ത്ഥം വരുന്ന ഒരു കലാ പ്രസ്ഥാനമാണ് റിയലിസം. യൂറോപ്പില്‍ പതിനെട്ടാം നൂറ്റാണ്ടിലെ അവസാനത്തില്‍ നിലനിന്നിരുന്ന എല്ലാ റൊമാന്റിക് സങ്കല്പങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് യുക്തി ബോധത്തിനും ശാസ്ത്ര ചിന്തയുടെയും അടിസ്ഥാനത്തില്‍ കടന്നുവന്ന വിപ്ലവകരമായ ഒരു കലാ പദ്ധതിയാണ് റിയലിസം. നിത്യ ജീവിത സാഹചര്യങ്ങളും സാധാരണ മനുഷ്യരും കഥാവിഷയം ആകുന്നത് ഈ കലാ പദ്ധതിയിലൂടെ ആയിരുന്നു. കഥാപാത്രങ്ങളുടെ ആഴത്തിലുള്ള മനശാസ്ത്ര ആവിഷ്കാരം ലക്ഷ്യംവയ്ക്കുന്ന റിയലിസം കേവലം കെട്ടുകാഴ്ചകള്കപ്പുറം ആഴത്തിലുള്ള സാമൂഹിക വിശകലനവും, മനശാസ്ത്രപരവുമായ മനുഷ്യരുടെ ജീവിതാവസ്ഥകളെ കലര്‍പ്പില്ലാതെ ചിത്രീകരിക്കാന്‍ ലക്ഷ്യമാക്കിയിട്ടുള്ള ശൈലിയാണ്.
ഇന്ന് സിനിമയില്‍ ധാരാളം ഉപയോഗിച്ചുവരുന്ന ഇന്ന് റിയലിസം എന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്ന അതിഭാവുകത്വം കലര്‍ന്ന മെലോഡ്രാമകള്‍ റിയലിസം ആയി തെറ്റിദ്ധരിക്കപ്പെടുന്നു. പ്രത്യേകിച്ചും അതും അഭിനയവുമായി ബന്ധപ്പെട്ട്. മിമിക്രിയും അഭിനയവും തമ്മിലുള്ള വ്യത്യാസം ആണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അഭിനയം എന്ന കലയുടെ വിപരീതപദം ആയി നമുക്ക് മിമിക്രിയെ കണക്കാക്കാം. മിമിക്രി ഒരു കലയാണ് എന്ന് പൊതുവേ പറഞ്ഞു കേള്‍ക്കാറുണ്ട്. 100% അനുകരണത്തില്‍ ഊന്നിയ മിമിക്രി പുതുതായി യാതൊന്നും സൃഷ്ടിക്കുന്നില്ല. നിലനില്‍ക്കുന്ന ഒന്നിനെ അതേപടി അനുകരിക്കുന്നു. ഒറിജിനലും ആയുള്ള താരതമ്യം ആണ് ഇവിടെ മികവിന്റെ അളവുകോല്‍. ഒറിജിനലുമായി എത്രത്തോളം സാമ്യം തോന്നുവോ അത്രത്തോളം മികവുറ്റതാക്കുന്നു അനുകരണം. ഇതിന് സ്കില്‍ വേണ്ട എന്നല്ല മറിച്ച് ഇതിനെ ക്രാഫ്റ്റ് എന്നാണ് പൊതുവേ പറയാറ്, ഒരു ഫോട്ടോസ്റ്റാറ്റ്. ഒരു ഫോട്ടോസ്റ്റാറ്റ് ഒരിക്കലും നമ്മള് ക്രിയേറ്റീവ് എന്ന് പറയാറില്ലല്ലോ. അപ്പോള്‍ എന്താണ് അഭിനയവും മിമിക്രിയും തമ്മിലുള്ള വ്യത്യാസം. കൃതിയില്‍ വരികളിലൂടെ മാത്രം വിശദീകരിക്കപ്പെട്ടിട്ടുള്ള ഒരു കഥാപാത്രത്തെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ശരീരവും മനസ്സും ശബ്ദവും ചിന്തയും ഉള്ള ഒരു കഥാപാത്രമായി നിര്‍മ്മിച്ച് എടുക്കുകയാണ് ഒരു നടന്/ നടി ചെയ്യുന്നത്. ജീവനുള്ള ഒരു പുതിയ മനുഷ്യനെ നടന് സൃഷ്ടിച്ചെടുക്കുന്നു സ്വന്തം ശരീരത്തിലൂടെയും ശബ്ദത്തിലൂടെയും മനസ്സിലൂടെയും, നടന് സ്വന്തം മനസ്സാണ് ഉപയോഗിക്കുന്നതെങ്കിലും സ്വന്തം സ്വഭാവത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു മനുഷ്യനെയാണ് ഇവയിലൂടെ അദ്ദേഹം നിര്‍മ്മിച്ചെടുക്കുന്നത്.
പൊതുവേ സിനിമാ അഭിനയത്തില്‍ നമ്മള് കണ്ടുവരുന്നത് സ്വന്തം സ്വഭാവത്തിനും രൂപത്തിനും അനുയോജ്യമായ കഥാപാത്രങ്ങളെ ചെയ്യുന്ന നടന്മാരെ ആണ് .എന്നാല്‍ ഓരോ മനുഷ്യരും, ഒരോ കഥാപാത്രങ്ങളും എത്ര വൈവിധ്യം ഉള്ളവരാണ്..എത്ര യുണീക്കാണ്. സ്ക്രിപ്റ്റ് റൈറ്ററും സംവിധായകനും ഭാവനയില്‍ കണ്ട കഥാപാത്രത്തെ ഒരുപക്ഷേ അതിനോട് അടുത്തോ അതിലും മെച്ചപ്പെട്ട രീതിയിലോ നടന് നിര്‍മ്മിച്ചെടുക്കുന്നത് കേവലം ചില വരികളില്‍ നിന്നാണ്. ജീവിതാനുഭവവും , നിരീക്ഷണങ്ങളുമാണ് നടന്റെ റോമെറ്റീരിയല്‍സ് ഒപ്പം ഉയര്‍ന്ന ഭാവനയുടെ സഹായത്തോടെ, കൃത്യമായ പഠന വിശകലനങ്ങളിലൂടെ കഥാപാത്രത്തെ വ്യാഖ്യാനിച്ച് പൂര്‍ണ്ണരൂപം നല്‍കുകയാണ് ചെയ്യുന്നത്. ഇതില്‍ പ്രധാനമായും രണ്ടു ഘട്ടങ്ങളുണ്ട്
1. കഥാപാത്ര നിര്‍മ്മാണത്തിന്റെ ഘട്ടം കഥാപാത്രത്തെ കുറിച്ച് ആഴത്തില്‍ പഠിക്കുകയും വിശകലനം ചെയ്യുകയും സംവിധായകന്റെ വിഷനും കൂട്ടി ചേര്‍ത്ത് കഥാപാത്രത്തെ മനസിലാക്കിയെടുക്കുന്ന ഘട്ടം.
2. അത് എക്സിക്യൂട്ട് ചെയ്യുന്ന ഘട്ടം റിഹേഴ്സലുകളും ഷൂട്ടിങ്ങും.
ഇവിടെ പലപ്പോഴും സിനിമ പോലുള്ള മാധ്യമങ്ങളില്‍ നടന്മാര്ക്ക് സ്ക്രിപ്റ്റ് നേരത്തെ കിട്ടാറില്ല പ്രധാന കഥാപാത്രങ്ങള്‍ ഒഴികെ പലപ്പോഴും നടന്മാര് സ്വന്തം പരിമിതികളിലേക്ക് ചുരുങ്ങി പോകാനുള്ള കാരണവും ഇതുതന്നെയാണ്.
പക്ഷേ ഇതേ പരിമിതികള്‍ക്കുള്ളില്‍ തന്നെ നിന്നുകൊണ്ട് ഉണ്ട് ചില നടന്മാര് സൃഷ്ടിച്ചെടുക്കുന്ന കഥാപാത്ര ആവിഷ്കാരം കാണുമ്പോള്‍ അത്ഭുതമാണ്. ചെറിയ സമയം കൊണ്ട് തന്നെ അവര്‍ നിര്‍മ്മിച്ചെടുക്കുന്ന കഥാപാത്രങ്ങളുടെ പിന്നിലേ കൃത്യമായ ചിന്തയും ഹോംവര്‍ക്കും പ്രകടമാണ്. ഇത്തരം നടന്മാര് മിമിക്കിങ്ങ് (സ്വയമോ, നിരന്തരം തുടര്‍ന്നു പോകുന്ന ഒരു ശൈലിയോ) എന്നതിനേക്കാളുപരി കഥാപാത്രത്തിന്റെ സ്വഭാവവും ചിന്തയും നിര്‍മ്മിച്ച എടുക്കുകയാണ് ചെയ്യുന്നത്. റിയലിസം ഏറ്റവും നന്നായി ആവിഷ്കരിക്കാന്‍ കഴിയുന്ന ഒരു മാധ്യമമാണ് സിനിമയെന്ന് ഇരിക്കെ സ്വന്തം സ്വഭാവത്തെയും രൂപത്തെയും വെല്ലുവിളിച്ചുകൊണ്ട് ഒരു നടന് ഓരോ കഥാപാത്രം പുതുതായി നിര്‍മ്മിക്കുമ്പോള്‍ മാത്രമാണ് പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഒരാള്‍ നടനായി മാറുന്നത്.
ഉദാഹരണമായി നമുക്ക് Daniel day Lewis ലും ഭരത് ഗോപിയിലും ഇത്തരം നടന്മാരെ കാണാം. ഇവരെ നമുക്ക് പൂര്‍ണാര്‍ത്ഥത്തില്‍ നടന്മാര് എന്ന് വിളിക്കാം. ഇതുപോലെതന്നെ സ്വന്തം സ്വഭാവത്തിന് ഉള്ളില്‍നിന്നുതന്നെ കഥാപാത്രത്തിന്റെ പ്രത്യേകതകളെ കണ്ടെത്തുന്ന നടന്മാരും ഉണ്ട് ഇത്തരം നടന്മാരെ പേഴ്സണാലിറ്റി ആക്ടേര്‍സ് എന്ന് പറയപ്പെടുന്നു. ഭിക്ഷക്കാരനും രാജാവും അവനവന്റെ ഉള്ളില്‍ തന്നെയുണ്ട് എന്നുള്ള സങ്കല്പം. തന്റെ ഉള്ളിലെ രാജാവിനെയും ഭിക്ഷക്കാരനെയും ഉണര്‍ത്തിയെടുക്കുക എന്നതാണ് അവര്‍ ചെയ്യുന്നത് . മോഹന്‍ലാല്‍ ഇത്തരത്തിലുള്ള ഒരു നടനാണ്. ബാഹ്യമായ വ്യത്യാസങ്ങളെക്കാള്‍ ആന്തരിക സ്വഭാവത്തില്‍ ആണ് ഇത്തരം നടന്മാര് ഊന്നല്‍ നല്‍കുന്നത്. ഇവിടെ നടന്റെ വ്യക്തിത്വത്തിന് ഒരു എക്സ്റ്റന്‍ഷന്‍ ആയാണ് കഥാപാത്രങ്ങളെ അനുഭവപ്പെടാറ്. നടന്മാരെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള സമീപനം കുറച്ചുകൂടെ ആയാസരഹിതമാണ്.
പക്ഷേ നല്ല നടന് ആകണമെങ്കില്‍ എങ്കില്‍ കഥാപാത്രത്തിന്റെ വികാര തരത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ രണ്ടു തരത്തിലുള്ള നടന്മാര്ക്കും കഴിയണം. സാധാരണ പ്രേക്ഷകര്‍ നടന് സൃഷ്ടിക്കുന്ന ഈ വികാരങ്ങളുമായിട്ടാണ് താദാത്മ്യം പ്രാപിക്കുന്നത്. അവര്‍ക്ക് കഥാപാത്രത്തിന്റെ വൈകാരിക അവസ്ഥയുമായി താദാത്മ്യം നടക്കുകയാണെങ്കില്‍ മറ്റൊന്നും പ്രശ്നമല്ല. കഥാപാത്രത്തിന്റെ സാമൂഹികവും ശാരീരികവും മനഃശാസ്ത്രപരവുമായ മറ്റു പ്രത്യേകളെകുറിച്ച് ചിന്തിക്കാറുമില്ല പ്രേക്ഷകന്.
ആസിഫ് അലി
ആസിഫ് അലി അവതരിപ്പിച്ച ‘ഉയരെ’ എന്ന സിനിമയിലെ ഗോവിന്ദ് എന്ന കഥാപാത്രവും ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന സിനിമയിലെ സ്ലീവാച്ചന് എന്ന കഥാപാത്രവും വെല്ലുവിളികള്‍ നിറഞ്ഞ രണ്ടു കഥാപാത്രങ്ങളാണ്. കാരണം വലിയ പ്രത്യേകതകളൊന്നും പ്രകടമായി ഇല്ലാത്ത അതി നാടകീയമായ മുഹൂര്‍ത്തങ്ങള്‍ ഇല്ലാത്ത സാധാരണം എന്നു തോന്നാവുന്ന ഈ രണ്ടു കഥാപാത്രങ്ങളുടെ കോപ്ലക്സുകള്‍ വളരെ ആഴത്തിലുള്ളവയാണ്.
ഉയരെയിലെ ഗോവിന്ദ് എന്ന കഥാപാത്രംഉദാഹരണമായെടുക്കാം. വ്യക്തിയും നടനും രണ്ടായി കാണാത്ത സാധാരണ നടന്മാര് പലപ്പോഴും ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ പോലും തയ്യാറാവില്ല. ആഴത്തിലുള്ള ഇന്ഫീരിയോരിറ്റി കോംപ്ലക്സുകള്‍ ഉള്ള ഒരു കഥാപാത്രം. പലപ്പോഴും ഈ ഇന്ഫീരിയോരിറ്റി കോംപ്ലക്സ് പുറമേ പ്രകടമാകുന്ന ഒന്നല്ല. പരാതിക്കാരില്‍ തുടങ്ങി അപകടകാരികളാവുന്ന സീരിയല്‍ കില്ലര്‍ വരെ ആയി തീരാവുന്ന സ്വഭാവവിശേഷം ആണിത്. ഒരു introvert ആയ ആളുടെ പ്രണയവും അതിന്റെ എല്ലാ സൂഷ്മാശംങ്ങളും ഒട്ടും പ്രകടന പരമല്ലാതെ ഏറ്റവും സാധാരണമായി അവതരിപ്പിക്കാന്‍ ആസിഫിന് കഴിഞ്ഞു.
ആ കഥാപാത്രത്തെ കുറിച്ചുള്ള ആസിഫിന്റെ മനസ്സിലാക്കല്‍ എല്ലാ ആണിന്റെ ഉള്ളിലും പതിയിരിക്കുന്ന ഒരു ഗോവിന്ദിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ഉള്ള ഒന്നായിരുന്നു. സൂക്ഷ്മമായ ശരീരഭാഷയും നോട്ടങ്ങളിലൂടെയും ആറ്റിറ്റിയൂഡുകളിലൂടെ ആ കഥാപാത്രത്തെ പ്രകടമായ യാതൊരു വ്യത്യാസമില്ലാത്ത ഒരു സാധരണ മനുഷ്യനായി തോന്നിപ്പിക്കുകയും തികച്ചും രോഗാതുരമായ മാനസികാവസ്ഥയെ ഏറ്റവും സ്വാഭാവികമായി അവതരിപ്പിക്കാനും അസിഫ് കാണിച്ച മിടുക്ക് എടുത്ത് പറയേണ്ട ഒന്നാണ്.
‘Don’t act do your action ‘ എന്ന Stansilaviskyയുടെ റിയലിസ്റ്റിക് ആക്റ്റിങ്ങിനെ കുറിച്ചുള്ള അടിസ്ഥാന പ്രമാണത്തെ പൂര്‍ണ്ണമായും സാധൂകരിക്കുന്ന ഒന്നായിരുന്നു അത്. ഇത്തരത്തിലുള്ള മനുഷ്യരുടെ, കഥാപാത്രങ്ങളുടെ വലിയ പ്രത്യേകത അവര്‍ക്ക് അവര്‍ ചെയ്യുന്നത് ഒരിക്കലും തെറ്റാണെന്ന് തോന്നുകയില്ല എന്നുള്ളതാണ്. അവര്‍ക്ക് അത് വളരെ സ്വാഭാവികമായ ഒരു കാര്യമായിരിക്കും. ഇതാണ് ആസിഫ് അന്വര്‍ത്ഥമാക്കിയത്.
ഗോവിന്ദ് എന്ന കഥാപാത്രത്തെ ഒരു സാധാരണ നടന് ചെയ്യുകയാണെങ്കില്‍ വളരെ cliched ആയിട്ടുള്ള ഒരു വില്ലന്‍ ആയി പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഗോവിന്ദ് എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളെ ഏറ്റവും സൂക്ഷ്മമായി മനസ്സിലാക്കുകയും അത് അയാളുടെ സ്വഭാവമാണ് എന്ന രീതിയില്‍ ഒരു കഥാപാത്രമായി വികസിപ്പിക്കാനും അയാളുടെ രോഗാതുരമായ പ്രണയം ആ കഥാപാത്രത്തെ സംബന്ധിച്ച് 100% ശരിയാണ് എന്ന് തോന്നുന്ന തരത്തില്‍ സ്വയം വിശ്വസിക്കുകയും പ്രേക്ഷകനെ വിശ്വസിപ്പിക്കാനും ആസിഫിന് കഴിഞ്ഞു.
possessiveness ഒരു പരിധി കഴിഞ്ഞാല്‍ അവനവനനെയും മറ്റുള്ളവരെയും നശിപ്പിക്കുന്ന ആഴത്തിലുള്ള മാനസിക രോഗമായി മാറുമെന്ന വലിയ സന്ദേശം ശക്തമായി പ്രേക്ഷകനില്‍ പകരാന്‍ ആസിഫിന് കഴിഞ്ഞു..ആസിഫ് എന്ന ഒരു സാധാരണ നടന് ഈ രണ്ട് കഥാപാത്രങ്ങളിലൂടെ ഒരു quantum jump ആണ് അഭിനയ കലയില്‍ നടത്തിയത്.
സ്ലീവാച്ചന് -കെട്ടിയോളാണ് എന്റെ മാലാഖ
ഇനി കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിലെ സ്ലീവാച്ചനിലേക്ക് വരികയാണെങ്കില്അതും വലിയ പ്രത്യേകതകള്‍ ഒന്നുമില്ലാത്ത ഒരു സാധാരണ കഥാപാത്രമാണ്. തന്റെ സ്വഭാവത്തില്‍ ഒരു അസ്വാഭാവികതയും തോന്നാതെ ഏറ്റവും സ്വാഭാവികമായിജീവിച്ചു പോകുന്ന ഒരു നാട്ടുമ്പുറത്തുകാരന്. സാമൂഹികമായി വലിയ എക്സ്പോഷര്‍ ഒന്നുമില്ലാത്ത നാട്ടുമ്പുറത്തെ ചേട്ടന്മാരുടെ കഥകള്‍ കേട്ടു വളരുന്ന ഇന്ന് ഒരു സാധാരണക്കാരില്‍ സാധാരണക്കാരന്. ഇതില്‍ ആസിഫ് മാനസികമായി മാത്രമല്ല ശരീരം കൊണ്ടും ശബ്ദം കൊണ്ടും, നില്പ്പു കൊണ്ടും, നടപ്പു കൊണ്ടും, നോട്ടം കൊണ്ടും പൂര്‍ണാര്‍ത്ഥത്തില്‍ സ്ലീവാച്ചന് ആയി മാറുകയായിരുന്നു.
സ്വന്തം അല്ലാത്ത ഒരു ഭാഷ അനായാസമായി സംസാരിക്കുന്നത് ഒരു നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നാണ്. ഒരു കഥാപാത്രം ആവിഷ്കരണത്തില്‍ അതില്‍ ശരീരം ശബ്ദം മനസ്സ് എന്നിവ പൂര്‍ണമായി കഥാപാത്രത്തിന്റെ ശൈലിയിലേക്ക് മാറ്റിയെടുക്കുകയും അവയെ സ്വാഭാവികമായി പ്രേക്ഷകനിലേക്ക് പകരുകയും ചെയ്യുന്നതാണ് അതാണ് യഥാര്‍ത്ഥ അഭിനയത്തിന് ഏറ്റവും വലിയ വെല്ലുവിളി. അടുത്ത കാലത്ത് കണ്ടിട്ടുള്ള ഏറ്റവും മനോഹരമായ റിയലിസ്റ്റിക് ഒരു പെര്‍ഫോമന്‍സ് ആണ് ആസിഫ് അലി മുന്നോട്ടു വയ്ക്കുന്നത്. അഭിനയ വിദ്യാര്‍ഥികള്‍ക്ക് ഒരു പാഠമായി ഇത് സ്വീകരിക്കാവുന്നതാണ്.
കഥാപാത്രത്തിന്റെ രൂപം അനുകരിക്കലോ അവനനവനായി നിന്ന് കൊണ്ട് സ്വാഭാവികമായി പെരുമാറലോ അല്ല യഥാതഥ അഭിനയം. കഥാപാത്രത്തിന്റെ മാനസികവും ശാരീരികവും സാമൂഹികവും മനഃശാസ്ത്രപരവുമായ പ്രത്യേകതകളെ ആഴത്തില്‍ മനസ്സിലാക്കുകയും അത് ഏറ്റവും സ്വാഭാവികമായി ആയി പ്രേക്ഷകരിലേക്ക് പകരുകയും ചെയ്യുന്നു എന്നതാണ് റിയലിസം ലക്ഷ്യം വെക്കുന്നത്. ഏറ്റവും ബുദ്ധിമുട്ടുള്ളതും അതും ജീവിതമെന്ന എന്ന അജ്ഞാത പ്രതിഭാസത്തെ അടുത്തറിയുകയും നടന് ബോധോപബോധങ്ങള് വഴി ബോധപൂര്‍വ്വം സാങ്കല്‍പ്പിക സാഹചര്യങ്ങളെ ഭാവനയില്‍ കണ്ടു ജീവിതത്തില്‍ സംഭവിക്കുന്ന അതെ രാസപ്രവര്‍ത്തനങ്ങള്‍ മനസ്സിലും ശരീരത്തിലും സംഭവിച്ച് പ്രേക്ഷകന് ആഴത്തിലുള്ള ജീവിതാനുഭവങ്ങള്‍ പകര്‍ന്നുകൊടുക്കുകയാണ് യഥാര്‍ത്ഥ അഭിനയത്തിലെ ലക്ഷ്യം. അപ്പോള്‍ മാത്രമാണ് അഭിനയം ഒരു ക്രാഫ്റ്റിംഗ് നിലവിട്ട കല എന്ന അവസ്ഥയിലേക്ക് ഉയരുന്നത്.
കണ്ണാടിയില്‍ നോക്കുമ്പോള്‍ സുന്ദരനാണ് എന്ന് തോന്നുകയും എന്നാല്‍ സിനിമയില്‍ അഭിനയിച്ച് കളയാം എന്ന് കരുതുന്ന എല്ലാവര്ക്കും ഇത് ഒരു പാഠമായി എടുക്കാവുന്നതാണ്. അഭിനയം ഏറ്റവും ശ്രമകരവും പരിശീലനം വേണ്ടതുമായ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു കലാരൂപമാണ്. ആഴത്തില്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ട ”അവസ്ഥാനുകരണം’….
”ഒഥല്ലോ ആയി അഭിനയിക്കാന്‍ എളുപ്പമാണ്’ ഇയാഗോ ‘ആയിരിക്കും ഒരു നടന്റെ യഥാര്‍ത്ഥ വെല്ലുവിളി”.
