ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം; അനില്‍ രാധാകൃഷ്ണന് മേനോനോട് ഫെഫ്ക വിശദീകരണം ചോദിക്കും

കൊച്ചി: നടന് ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തില്‍ സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോനോട് ഫെഫ്ക വിശദീകരണം ചോദിക്കും. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. സോഷ്യല്‍ മീഡിയ വഴിയാണ് സംഭവം അറിഞ്ഞതെന്നും അങ്ങേയറ്റം നിര്‍ഭാഗ്യകരമായ സംഭവമാണ് നടന്നിരിക്കുന്നതെന്നും പറഞ്ഞ ഉണ്ണികൃഷ്ണന് അനില്‍ രാധാകൃഷ്ണന് മേനോന്റെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന മൂന്നാംകിട നടനുമൊത്ത് വേദി പങ്കിടാന്‍ കഴിയില്ലെന്ന് അനില്‍ രാധാകൃഷ്ണന് മേനോന് പറഞ്ഞതിനെത്തുടര്‍ന്ന് ബിനീഷ് ബാസ്റ്റിനെ മാറ്റി നിര്‍ത്താന്‍ പാലക്കാട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ശ്രമിക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമായതോടെ ബിനീഷ് വേദിയില്‍ കയറി കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. സംഭവത്തില്‍ അനില്‍ രാധാകൃഷ്ണന് മേനോനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് ചീഫ് ഗസ്റ്റായാണ് ബിനീഷ് ബാസ്റ്റിനെ ക്ഷണിച്ചിരുന്നത്. മാഗസിന് റിലീസിന് എത്തിയ അനില്‍ രാധാകൃഷ്ണന് മേനോന് ബിനീഷിനൊപ്പം വേദി പങ്കിടില്ലെന്ന് ഭീഷണിപ്പെടുത്തിയതോടെ പ്രിന്‍സിപ്പലും യൂണിയന് ഭാരവാഹികളും ബിനീഷ് താമസിച്ചിരുന്ന ഹോട്ടലിലെത്തി ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞ് വന്നാല്‍ മതിയെന്ന് അറിയിച്ചു.
ബിനീഷ് കാരണം തിരക്കിയപ്പോഴാണ് അനില്‍ രാധാകൃഷ്ണന് മേനോന്റെ ഭീഷണിയെക്കുറിച്ച് അറിഞ്ഞത്. ഇതോടെയാണ് ബിനീഷ് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പ്രിന്‍സിപ്പല്‍ പോലീസിനെ വിളിക്കുമെന്ന് പറഞ്ഞു. ഇതോടെ തനിക്ക് 30 സെക്കന്‍ഡ് സംസാരിക്കണമെന്ന് ബിനീഷ് ആവശ്യപ്പെട്ടു.
” ജീവിതത്തിലെ ഏറ്റവും വലിയ ഇന്‍സല്‍ട്ടിംഗ് അനുഭവിക്കേണ്ടി വന്ന നിമിഷമാണ് ഇന്ന്. ചെയര്മാന് എന്റെ റൂമില്‍ വന്ന് പറഞ്ഞു അനിലേട്ടനാണ് ഗസ്റ്റ് ആയി വന്നതെന്ന്. ഈ സാധാരണക്കാരനായ ഞാന്‍ ഗസ്റ്റ് ആയിട്ട് വന്നാല്‍ അനിലേട്ടന് സ്റ്റേജില്‍ കേറൂല, അവനോട് ഇവിടെ വരരുത് എന്ന് അനിലേട്ടന് പറഞ്ഞെന്ന് അവരെന്നോട് പറഞ്ഞു.അവന് എന്റെ പടത്തില്‍ ചാന്‍സ് ചോദിച്ച ആളാണ്. ഞാന്‍ മേനോനല്ല, നാഷണല്‍ അവാര്‍ഡ് വാങ്ങിച്ച ആളല്ല” എന്ന് പറഞ്ഞാണ് ബിനീഷ് വേദി വിട്ടത്.
വീഡിയോ കാണാം
https://www.facebook.com/cheguevaraArmy.in/videos/2390330501230972/?t=142