ഈശോ എന്ന പേര് അനുവദിക്കാനാവില്ലെന്ന് ഫിലിം ചേംബര്‍; നാദിര്‍ഷ ചിത്രത്തിന് പുതിയ പ്രതിസന്ധി

സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.
 | 
Easo
ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഈശോ എന്ന പേര് അനുവദിക്കാനാവില്ലെന്ന് ഫിലിം ചേംബര്‍.

കൊച്ചി: ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഈശോ എന്ന പേര് അനുവദിക്കാനാവില്ലെന്ന് ഫിലിം ചേംബര്‍. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. സിനിമ പ്രഖ്യാപിക്കുന്നതിന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന ചട്ടം ലംഘിച്ചു, നിര്‍മാതാവ് അംഗത്വം പുതുക്കിയിട്ടില്ല തുടങ്ങിയ കാരണങ്ങളാണ് ചേംബര്‍ ചൂണ്ടിക്കാണിക്കുന്നത്. 

നിര്‍മാതാവാണ് ചിത്രത്തിന് പേര് അനുവദിക്കാനുള്ള അപേക്ഷ നല്‍കിയത്. ഇത് ചേംബര്‍ തള്ളിയാലും ഒടിടി റിലീസിന് പേര് ഉപയോഗിക്കുന്നതില്‍ തടസമില്ല. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിന്റെ പേര് വിവാദത്തിലായിരുന്നു. പേരിനെതിരെ തീവ്ര നിലപാടുകളുമായി ചില ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തെത്തുകയും സംവിധായകനായ നാദിര്‍ഷക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടാവുകയും ചെയ്തു. 

അതേസമയം ചിത്രത്തിന്റെ ഉള്ളടക്കം എന്തെന്ന് മനസ്സിലാക്കാതെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ നിലപാട് സ്വീകരിക്കുന്നതിനെ വിമര്‍ശിച്ച് ചലച്ചിത്രലോകം രംഗത്ത് വന്നിരുന്നു. വിഷയത്തില്‍ പ്രതികരിച്ച ഫാ.ജെയിംസ് പനവേലില്‍ എന്ന വൈദികനെ പള്ളിയിലെത്തി ഭീഷണിപ്പെടുത്തുകയും വൈദികന്റെ പ്രസംഗം ഷെയര്‍ ചെയ്ത ജീത്തു ജോസഫിന് നേരെ സൈബര്‍ ആക്രമണം ഉണ്ടാവുകയും ചെയ്തിരുന്നു.