സൂഫിയും സുജാതയും ഒടിടി റിലീസിന്; ജയസൂര്യയുടെയും വിജയ്ബാബുവിന്റെയും ചിത്രങ്ങള്‍ വിലക്കുമെന്ന് തീയേറ്റര്‍ ഉടമകള്‍

ജയസൂര്യയുടെയും വിജയ് ബാബുവിന്റെയും ചിത്രങ്ങള്‍ക്ക് തീയേറ്റര്‍ നല്‍കില്ലെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്. സംഘടനയുടെ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ആണ് ഇവരുടെ ചിത്രങ്ങള്‍ വിലക്കുമെന്ന് അറിയിച്ചത്. വിജയ് ബാബു നിര്‍മിച്ച് ഷാനവാസ് നരണിപ്പുഴ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം സൂഫിയും സുജാതയും ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നതിനാലാണ് വിലക്കുമായി തീയേറ്റര്‍ ഉടമകള്‍ രംഗത്തെത്തിയിരിക്കുന്നത്.
ലോക്ക് ഡൗണ്‍ മൂലം സിനിമകള്‍ തീയേറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സൂഫിയും സുജാതയും ഒടിടി റിലീസിന് തയ്യാറെടുക്കുന്നത്. നേരത്തേ തീയേറ്ററില്‍ കളിച്ച സിനിമ ഓണ്‍ലൈനില്‍ കൊടുക്കുന്നതില്‍ ന്യായമുണ്ട്. ഇന്ന് സിനിമാ വ്യവസായം വലിയൊരു പ്രതിസന്ധിയെ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് ഒന്നോ രണ്ടോ വ്യക്തികള്‍ സിനിമ വേറെ പ്ലാറ്റ്ഫോമില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നു എന്ന് പറയുന്നത് സിനിമാ വ്യവസായത്തോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
സിനിമ തീയേറ്ററില്‍ കളിച്ചാലേ നടന് സിനിമാ നടനാവൂ. ഇത്തരം പ്ലാറ്റ്ഫോമുകളില്‍ വരുമ്പോള്‍ അയാള്‍ സീരിയല്‍ നടനായി മാറും. അയാളുടെ ഭാവി കൂടി ചിന്തിക്കണ്ടേയെന്നും അത്തരം നീക്കം നടത്തുന്നത് എത്ര വലിയ നടനായാലും അയാളുടെ ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ കളിപ്പിക്കില്ലെന്നാണ് സംഘടനയുടെ തീരുമാനമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.