മോഹന്‍ലാലിനെ ബോഡി ഷെയിമിംഗ് നടത്തിയവരോട്; ഹരീഷ് പേരടി പറയുന്നു

ഇത്തരം ബോഡി ഷെയിമിംഗുകള് വെറും അറിവില്ലാഴ്മ മാത്രമാണെന്ന് ഹരീഷ് പേരടി ഫെയിസ്ബുക്കില് കുറിച്ചു.
 | 
മോഹന്‍ലാലിനെ ബോഡി ഷെയിമിംഗ് നടത്തിയവരോട്; ഹരീഷ് പേരടി പറയുന്നു

കൊച്ചി: പ്രിയദന്‍ശന്റെ ബിഗ് ബജറ്റ് ചിത്രം ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ ലോക്കേഷന്‍ ചിത്രങ്ങള്‍ക്ക് നേരെയുണ്ടായ പരിഹാസങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ഹരീഷ് പേരടി. സിനിമയുടെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹന്‍ലാലിന്റെ ലോക്കേഷനില്‍ നിന്നുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ട്രോളിനും ബോഡി ഷെയിമിംഗിനും ഇരയായിരുന്നു. മോഹന്‍ലാലിന്റെ ശരീരഭാരമായിരുന്നു മിക്കവരും പരിഹാസത്തിനായി ഉപയോഗിച്ചത്. ഇത്തരം ബോഡി ഷെയിമിംഗുകള്‍ വെറും അറിവില്ലാഴ്മ മാത്രമാണെന്ന് ഹരീഷ് പേരടി ഫെയിസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം.

ഈ മനുഷ്യനെ ബോഡി ഷെയിമിംഗ് നടത്തിയവരോടാണ് ഞാന്‍ സംസാരിക്കുന്നത്. ഞാന്‍ കുഞ്ഞാലി മരക്കാറുടെ മലയാളവും തമിഴും ഡബ്ബിംഗ് പൂര്‍ത്തിയാക്കി. ഞാനും ഈ മഹാനടനും തമ്മില്‍ അതിവൈകാരികമായ ഒരു സീനുണ്ട്. അതില്‍ തന്റെ മുഖത്തിന്റെ ഒരു ഭാഗം മാത്രം തന്ന് ഈ മനുഷ്യന്റെ ഒരു അഭിനയ മുഹുര്‍ത്തമുണ്ട്. അതില്‍ കുഞ്ഞാലിയുടെ ഹൃദയമായിരുന്നു അവിടെ മുഴുവന്‍ പ്രകാശിച്ചത്.

നിരവധി തവണ ആവര്‍ത്തിച്ച് കണ്ടിട്ടും കുഞ്ഞാലിയുടെ മനസ്സ് കവരാനുള്ള ഈ അഭിനയ തസ്‌ക്കരന്റെ വിദ്യ എന്താണെന്ന് ഒരു അഭിനയ വിദ്യാര്‍ത്ഥി എന്ന നിലക്ക് ഞാനിപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ആയോധനകലയിലെ പുലികളായ ഒരുപാട് ശരീരഭാരമുള്ള കളരിഗുരക്കന്‍മാരെ കണ്ട വടക്കന്‍കളരിയുടെ നാട്ടില്‍ നിന്ന് വരുന്ന എനിക്ക് ഈ ബോഡി ഷെയിമിംങ്ങിനെ അറിവില്ലായ്മയായി മാത്രമെ കാണാന്‍ പറ്റുകയുള്ളു. ലാലേട്ടാ വിണ്ടും ഒരു ലാല്‍ സലാം.