മാമാങ്കത്തിന് ഹൈക്കോടതിയുടെ പ്രദര്‍ശനാനുമതി; തിരക്കഥാകൃത്തിന്റെ പേര് ഒഴിവാക്കണമെന്ന് നിര്‍ദേശം

കൊച്ചി: മാമാങ്കത്തിന് പ്രദര്‍ശനാനുമതി നല്കി ഹൈക്കോടതി. ചിത്രത്തിന്റെ രചയിതാവും ആദ്യ സംവിധായകനുമായ സജീവ് പിള്ളയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ രചയിതാവ് സജീവ് പിള്ളയാണെന്ന് ബോധ്യപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരക്കഥാകൃത്തിന്റെ പേര് ഒഴിവാക്കി ചിത്രം റിലീസ് ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. നാളെയാണ് ചിത്രത്തിന്റെ റിലീസ്.
മാമാങ്കത്തിന്റെ കഥ രചിച്ചത് താനാണെന്നും തന്റെ പേര് ഒഴിവാക്കിയത് നിയമ വിരുദ്ധമാണന്നും ചിത്രത്തിന്റെ റിലീസ് തടയണമെന്നും ആവശ്യപ്പെട്ടാണ് സജീവ് പിള്ള ഹര്‍ജി നല്‍കിയത്. ചിത്രത്തിന്റെ പോസ്റ്ററുകളിലും ട്രെയിലറുകളിലും അവലംബിത തിരക്കഥയെന്ന പേരില്‍ ശങ്കര്‍ രാമകൃഷ്ണന്റെ പേരാണ് ചേര്‍ത്തിരിക്കുന്നത്. നിരവധി ആളുകളുടെ അധ്വാനഫലം കലാസൃഷ്ടിക്ക് പിന്നിലുള്ളത് കണക്കിലെടുത്താണ് പ്രദര്‍ശനാനുമതി നല്‍കിയതെന്നും കോടതി വ്യക്തമാക്കി.
കഥയുടെ പകര്‍പ്പവകാശം താന്‍ വാങ്ങിയതാണെന്ന നിര്‍മാതാവ് വേണു കുന്നപ്പിള്ളിയുടെ വാദം തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിലുമെത്തുന്നുണ്ട്. കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മാണം. എം.പദ്മകുമാറാണ് സംവിധാനം.