നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തി വെക്കാന്‍ ഹൈക്കോടതി ഉത്തരവ്

നടിയെ ആക്രമിച്ച കേസില് പ്രത്യേക കോടതിയിലെ വിചാരണ നിര്ത്തിവെക്കാന് ഹൈക്കോടതിയുടെ ഉത്തരവ്.
 | 
നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തി വെക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രത്യേക കോടതിയിലെ വിചാരണ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. വിചാരണക്കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും ഈ കോടതിയില്‍ നിന്ന് നീതി കിട്ടില്ലെന്നും കാട്ടി ആക്രമണത്തിന് ഇരയായ നടി നല്‍കിയ ഹര്‍ജിയിലാണ് നടപടി. വെള്ളിയാഴ്ച വരെ വിചാരണാ നടപടികള്‍ നിര്‍ത്തിവെക്കാനാണ് നിര്‍ദേശം. കേസിലെ വിചാരണ സംബന്ധിച്ച ആരോപണങ്ങള്‍ വെള്ളിയാഴ്ച ഹൈക്കോടതി വിശകലനം ചെയ്യും. കോടതി മാറ്റണമെന്നായിരുന്നു ഹര്‍ജിയില്‍ നടി ആവശ്യപ്പെട്ടിരുന്നത്.

വിചാരണ വേളയില്‍ പ്രതിഭാഗത്തു നിന്ന് തനിക്കേറ്റ മാനസിക പീഡനത്തില്‍ കോടതി ഇടപെട്ടില്ലെന്നും നടി ചൂണ്ടിക്കാട്ടി. പല സുപ്രധാന വിവരങ്ങളും കോടതി രേഖപ്പെടുത്തുന്നില്ലെന്നും നടി വ്യക്തമാക്കുന്നു. നേരത്തേ പ്രോസിക്യൂഷനും വിചാരണക്കോടതിയില്‍ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും അതിനാല്‍ കോടതി മാറ്റത്തിന് ഹൈക്കോടതിയെ സമീപിക്കുന്നതിനായി വിചാരണ നിര്‍ത്തിവെക്കണമെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നല്‍കിയ അപേക്ഷയില്‍ പറഞ്ഞിരുന്നു.

ഒട്ടേറെ അഭിഭാഷകരുടെ മുന്നിലാണ് തന്നെ കോടതി വിസ്തരിച്ചതെന്നും അവരെ നിയന്ത്രിക്കാന്‍ കോടതി തയ്യാറായില്ലെന്നും നടി വ്യക്തമാക്കി. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെയും പ്രോസിക്യൂഷനെയും അവഹേളിക്കുന്ന വിധത്തില്‍ പ്രത്യേക ജഡ്ജി സംസാരിച്ചു. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു. കോടതിയില്‍ എത്തിയ ഊമക്കത്ത് പ്രോസിക്യൂട്ടര്‍ ഇല്ലാത്ത സമയത്ത് തുറന്ന കോടതിയില്‍ വായിച്ചു. കേസിലെ ഏഴാം സാക്ഷിയായ നടിയെ ഫെയിസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ അധിക്ഷേപിച്ചുവെന്നും നടി അറിയിച്ചു.

വിചാരണ അടച്ചിട്ട കോടതിമുറിയില്‍ വേണമെന്നും വിചാരണാ നടപടികള്‍ വാര്‍ത്തയാക്കുന്നത് തടയണമെന്നുമുള്ള പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. പക്ഷേ ജാമ്യവ്യവസ്ഥ ലംഘിച്ച ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷയില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. ഈ കോടതിയില്‍ വിചാരണ തുടര്‍ന്നാല്‍ തനിക്ക് നീതി കിട്ടില്ലെന്നാണ് ഹൈക്കോടതിയില്‍ നടി വ്യക്തമാക്കിയത്.