അവാര്‍ഡ് സ്വീകരിക്കുമെന്ന് യേശുദാസ്
ദേശീയ ചലച്ചിത്ര അവാര്ഡ്ദാനച്ചടങ്ങ് ബഹിഷ്കരിക്കില്ലെന്ന് ഗായകന് യേശുദാസ്. ചടങ്ങില് പങ്കെടുക്കുമെന്ന് യേശുദാസ് വ്യക്തമാക്കി. ചടങ്ങ് ബഹിഷ്കരിക്കുന്നതില് താല്പര്യമില്ല. എന്നാല് നിവേദനം നല്കിയതിനെ താന് പിന്തുണയ്ക്കുന്നതായും യേശുദാസ് പറഞ്ഞു. രാഷ്ട്രപതിയാണ് ദേശീയ ചലച്ചിത്ര അവാര്ഡുകള് വിതരണം ചെയ്യാറുള്ളത്. എന്നാല്‍ ഇത്തവണ 11 പ്രധാന പുരസ്‌കാരങ്ങള്‍ മാത്രമേ രാഷ്ട്രപതി വിതരണം ചെയ്യൂ എന്നാണ് ജേതാക്കള്‍ക്ക് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. സംവിധായകന്‍ ജയരാജും അവാര്‍ഡ് സ്വീകരിക്കുമെന്ന് അറിയിച്ചു.
ബാക്കിയുള്ള പുരസ്‌കാരങ്ങള്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനെതിരെ അവാര്‍ഡ് ജേതാക്കള്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. വിഷയത്തില്‍ മന്ത്രി സ്മൃതി ഇറാനി ജേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിട്ടില്ല.
മലയാളികളായ ചലച്ചിത്ര പ്രവര്‍ത്തകരുള്‍പ്പെടെ പ്രതിഷേധത്തിന്റെ ഭാഗമായി നല്‍കിയ നിവേദനത്തില്‍ ഒപ്പു വെച്ചിട്ടുണ്ട്. സംവിധായകന്‍ ജയരാജ് ആദ്യം മടിച്ചെങ്കിലും പിന്നീട് ഒപ്പുവെച്ചു. നിവേദനത്തില്‍ പങ്കാളിയായെങ്കിലും പിന്നീട് അവാര്‍ഡ് സ്വീകരിക്കുമെന്ന നിലപാടാണ് ഇപ്പോള്‍ യേശുദാസ് സ്വീകരിച്ചിരിക്കുന്നത്. ചലച്ചിത്ര പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഈ നിലപാട് ക്ഷീണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

