ഇന്നസെന്റ് എംപിയുടെ കാൻസർ പ്രതിരോധ പദ്ധതി
കൊച്ചി: നടനും എംപിയുമായ ഇന്നസെന്റ് കാൻസർ പ്രതിരോധ പദ്ധതി ആരംഭിച്ചു. തന്റെ ലോക്സഭാ മണ്ഡലമായ ചാലക്കുടിയിലാണ് ‘ശ്രദ്ധ’ എന്ന കാൻസർ പ്രതിരോധ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും മാമോഗ്രാഫി യൂണിറ്റുകൾ സ്ഥാപിക്കും. കൊടുങ്ങല്ലൂർ, ചാലക്കുടി, ആലുവ, പെരുമ്പാവൂർ, അങ്കമാലി ആശുപത്രിയിലാണ് യൂണിറ്റുകൾ നിലവിൽ വരുന്നത്. മൂന്ന് കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
61 ലക്ഷം രൂപ മുടക്കിയാണ് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ മാമോഗ്രഫി യൂണിറ്റ് സ്ഥാപിക്കുന്നത്. ഇതിനായി ഭരണാനുമതി ലഭിച്ചുവെന്ന് ഇന്നസെന്റ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. മറ്റു താലൂക്ക് ആശുപത്രികളിലും ഈ വർഷം അവസാനത്തോടെ മാമോഗ്രഫി യൂണിറ്റുകൾ സ്ഥാപിക്കും. മണ്ഡലത്തിന് അകത്തും പുറത്തുമുള്ള സ്ത്രീകൾക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ സ്തനാർബുദ നിർണ്ണയ സൗകര്യം ഏർപ്പെടുത്തുക എന്നതാണ് ശ്രദ്ധ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും ഇന്നസെന്റ് വ്യക്തമാക്കി.

