ഓസ്കാറില്‍ ജല്ലിക്കെട്ടില്ല; വിദേശഭാഷാ ചിത്രങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്ത്

ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പട്ടികയില്‍ നിന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് പുറത്ത്. മികച്ച വിദേശഭാഷാ ചിത്രത്തിന് നല്കുന്ന പുരസ്കാരത്തിനുള്ള പട്ടികയിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു ജല്ലിക്കെട്ട്. അവസാന വട്ട സ്ക്രീനിംഗിലാണ് ചിത്രം പുറത്തായത്. അടുത്ത ഘട്ടത്തിലുള്ള നോമിനേഷനിലേക്ക് 15 ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു.
അതേസമയം ബെസ്റ്റ് ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ഇന്ത്യയുടെ നോമിനേഷനായ ബിട്ടു ഇടം നേടിയിട്ടുണ്ട്. കരിഷ്മ ദേവ് ദുബെയാണ് ചിത്രത്തിന്റെ സംവിധായിക. ഇന്ത്യയില്‍ നിന്ന് 27 ചിത്രങ്ങളാണ് ഓസ്കാറിനായി മത്സരിച്ചത്. മലയാളത്തില്‍ നിന്ന് ഗീതു മോഹന്‍ദാസിന്റെ മൂത്തോനും മത്സരത്തില്‍ പങ്കെടുത്തിരുന്നു. ഇവയില്‍ നിന്നാണ് ഔദ്യോഗിക എന്‍ട്രിയായി ജല്ലിക്കെട്ട് തെരഞ്ഞെടുക്കപ്പെട്ടത്.