‘സിനിമാറ്റിക് പുരുഷനെ’ അതിന്റെ അതിമാനുഷിക പാരമ്യത്തില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ് ജയന്റെ രക്തസാക്ഷ്യത്തില്‍ കലാശിച്ചത്; കുറിപ്പ് വായിക്കാം

സാഹസികനായ നടന്റെ സാഹസികമായ അന്ത്യം വാഴ്ത്തുമ്പോള് ഇതു പറയാതിരിക്കാന് തോന്നുന്നില്ലെന്നും ഫെയിസ്ബുക്ക് കുറിപ്പ് പറയുന്നു.
 | 
‘സിനിമാറ്റിക് പുരുഷനെ’ അതിന്റെ അതിമാനുഷിക പാരമ്യത്തില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ് ജയന്റെ രക്തസാക്ഷ്യത്തില്‍ കലാശിച്ചത്; കുറിപ്പ് വായിക്കാം

മലയാളത്തിലെ ആദ്യ സൂപ്പര്‍താരം എന്ന വിശേഷണത്തിന് അര്‍ഹനായ നടന്‍ ജയന്റെ 40-ാം ചരമ വാര്‍ഷികമാണ് ഇന്ന്. സോഷ്യല്‍ മീഡിയയില്‍ ജയന്‍ സ്മരണകള്‍ നിറയുകയാണ്. ജയന്‍ ജീവിച്ചിരുന്നെങ്കില്‍ മലയാളത്തിലെ സൂപ്പര്‍താര സങ്കല്‍പങ്ങള്‍ തന്നെ മാറി മറിയുമായിരുന്നുവെന്ന നിരീക്ഷണങ്ങളും ഇവയിലുണ്ട്. എന്നാല്‍ ആരാധകര്‍ പ്രതീക്ഷിക്കുന്ന ‘സിനിമാറ്റിക് പുരുഷനെ’ അതിന്റെ അതിമാനുഷിക പാരമ്യത്തില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ് ജയന്റെ രക്തസാക്ഷ്യത്തില്‍ കലാശിച്ചതെന്ന് എഴുത്തുകാരിയും അധ്യാപികയുമായ അനു പാപ്പച്ചന്‍ കുറിക്കുന്നു. സാഹസികനായ നടന്റെ സാഹസികമായ അന്ത്യം വാഴ്ത്തുമ്പോള്‍ ഇതു പറയാതിരിക്കാന്‍ തോന്നുന്നില്ലെന്നും ഫെയിസ്ബുക്ക് കുറിപ്പ് പറയുന്നു.

പോസ്റ്റ് വായിക്കാം

ജയനോർമ്മകൾ വായിക്കുകയായിരുന്നു.
ആളുകൾ പൗരുഷത്തിന്റെ സിംഹാസനത്തിലെ ഒഴിഞ്ഞ ഇടത്തെ കുറിച്ച് വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേയിരിക്കുന്നു. തലമുറകളായി യുവതയെ ഹരം കൊള്ളിക്കുന്ന അതേ സാഹസിക പൗരുഷത്തെപ്പറ്റിത്തന്നെ. നേരത്തെയും എഴുതിയിട്ടുള്ളതാണ്,
‘മലയാളി’ സൃഷ്ടിച്ചെടുക്കുന്ന സിനിമാറ്റിക് പുരുഷന്മാരുടെ താര നായകത്വത്തെപ്പറ്റി.1970കളുടെ തുടക്കത്തിൽ ചെറുവേഷങ്ങളിലൂടെ സിനിമയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ കൃഷ്ണൻ നായർ എന്ന അഭിനേതാവ് 1974ൽ ‘ശാപമോക്ഷ’ത്തിലൂടെ ജയൻ ആയി മാറുന്നതോടെയാണ് മലയാളിയുടെ ‘സിനിമാറ്റിക് പുരുഷ’ന്റെ പിറവി.പഞ്ചമിയിലെ പ്രതിനായക വേഷത്തോടെ ജയൻ തരംഗത്തിന് തുടക്കമായി.പിന്നീട്
ശരപഞ്ജരം , ചന്ദ്രഹാസം, പുതിയ വെളിച്ചം ,ആവേശം,
അങ്ങാടി തുടങ്ങി ഹിറ്റുകളുടെ നിര.
‘സൂപ്പർ താരത്വം ‘ മലയാളത്തിൽ ആദ്യമായി നിർവചിച്ചത് ജയനാണെന്ന് പറയാം.അഴകുറ്റ ശരീരം, വർണാഭമായ വസ്ത്രങ്ങൾ, പ്രത്യേക മാനറിസങ്ങൾ, ഡയലോഗ് ഡെലിവറിയിലെ സ്റ്റൈൽ, ശബ്ദ ക്രമീകരണം, പഞ്ച് ഡയലോഗുകൾ എല്ലാം അതിനനുകൂലമായി.
അഭിനയത്തിലെ മിതത്വം, വൈവിധ്യം ,സൂക്ഷ്മത എന്നിവയിൽ സത്യൻ സെറ്റ് ചെയ്ത നിലവാരവും പ്രണയ പാരവശ്യം, നിഷ്കളങ്കത, രൂപ സൗകുമാര്യം, ഗാനലോലുപത തുടങ്ങിയവയിൽ നസീർ സ്ഥാപിച്ചെടുത്ത ജനസ്വാധീനവും
സംവിധായകന്റേയോ / നിർമാതാവിന്റേയോ / കഥയുടേയോ നിയന്ത്രണത്തിനകത്തായിരുന്നു. എന്നാൽ വളരെ പെട്ടെന്ന് ‘താരപരിവേഷം’ സ്ഥാപിച്ചെടുക്കാനും തനിക്കിണങ്ങുന്ന രീതിയിലേക്ക് സിനിമയുടെ കഥ/ ദൃശ്യപരിചരണ രീതികൾ അപ്പാടെ പരിവർത്തിപ്പിച്ചതും ജയനാണ്.
അഭിനയ മികവിനേക്കാൾ തിരയിൽ (ആരാധക മനസിലും ) നിറഞ്ഞു നിന്ന നിരവധി ഘടകങ്ങളുണ്ട്. അപകടം തനിക്കായാലും ഡ്യൂപ്പിനായാലും അവരുടെ ഉറ്റവർക്ക് ഒരേ നഷ്ടമല്ലേയെന്ന ‘സ്വയം ഏറ്റെടുക്കലി’ൽ ജയൻ അതിനായകനായി. മരണത്തെ മുഖാമുഖം നേരിടുന്ന സംഘട്ടന – സാഹസിക രംഗങ്ങളിലെ പൗരുഷപ്രകടനത്തിന് ആർപ്പുകൾ കൂടി വന്നു. ഒറ്റ ടേക്കിൽ മതിയാവാത്ത സാഹസികതകൾ ഹൈലൈറ്റ് ചെയ്ത സിനിമകളുടെ പിന്നിൽ വലിയ ആൾക്കൂട്ടങ്ങളുമുണ്ടായി.
കഥ/ പ്രമേയം എന്നിവയിൽ നിന്നുമാറി നടന്റെ ഇമേജിനെ വല്ലാതെ ആശ്രയിക്കുന്ന ,കൃത്യമായ USP(unique selling point) ആയി തന്റെ പൗരുഷ ഇമേജിനെ സിനിമാവ്യവസായം ഉപയോഗപ്പെടുത്തുന്നതിൽ അദ്ദേഹം ആത്മാർത്ഥമായി സഹകരിച്ചു. ആ ആത്മരതിയിൽ അദ്ദേഹം ആനന്ദിച്ചു എന്നതാണ് സത്യം.എന്നാൽ താര പ്രൗഢിയിൽ നില്ക്കുമ്പോഴും സിനിമയെ നിയന്ത്രിക്കുന്ന തരത്തിലുള്ള ഇടപെടലുകളോ അധികാര പ്രയോഗങ്ങളോ നടത്താൻ അദ്ദേഹം ശ്രമിച്ചില്ല എന്നതും ഓർക്കാം.പക്ഷേ ചിത്രീകരണ സമയത്തെ അതിസാഹസികമായ പിന്നാമ്പുറകഥകൾ യഥാർത്ഥ ജീവിതത്തിലും ജയനെ താരമാക്കി മാറ്റി.ആരാധകർ വാനോളം പുകഴ്ത്തിയ ആ പൗരുഷ വീര്യത്തിന്റെ സാഹസികതക്കും പൂർണതയ്ക്കുo വേണ്ടി ശ്രമിച്ചാണ് ‘കോളിളക്ക’ത്തിന്റെ ക്ലൈമാക്സ് രംഗത്തിലെ ഹെലികോപ്റ്റർ അപകടത്തിൽ അദ്ദേഹത്തിന്റെ ജീവൻ പൊലിഞ്ഞത്..ആരാധകർ / ആസ്വാദകർ സങ്കല്പിക്കുന്ന/ പ്രതീക്ഷിക്കുന്ന ‘സിനിമാറ്റിക് പുരുഷനെ ‘ അതിന്റെ അതിമാനുഷിക പാരമ്യത്തിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് ജയന്റെ രക്തസാക്ഷ്യത്തിൽ കലാശിച്ചത്.
സാഹസികനായ നടന്റെ സാഹസികമായ അന്ത്യം വാഴ്ത്തുമ്പോൾ ഇതു പറയാതിരിക്കാൻ തോന്നുന്നില്ല.
സ്മരണാഞ്ജലി

ജയനോർമ്മകൾ വായിക്കുകയായിരുന്നു.
ആളുകൾ പൗരുഷത്തിന്റെ സിംഹാസനത്തിലെ ഒഴിഞ്ഞ ഇടത്തെ കുറിച്ച് വീണ്ടും വീണ്ടും പറഞ്ഞു…

Posted by അനു പാപ്പച്ചൻ on Monday, November 16, 2020