വധഭീഷണിയെന്ന പരാതി; ഷെയിന്‍ നിഗമിന്റെ ആരോപണം തള്ളി നിര്‍മാതാവ് ജോബി ജോര്‍ജ്

കൊച്ചി: വധഭീഷണി മുഴക്കിയെന്ന് ഷെയിന്‍ നിഗമിന്റെ പരാതിയില്‍ പ്രതികരണവുമായി നിര്‍മാതാവ് ജോബി ജോര്‍ജ്. ഷെയിനെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും നടന് ചിത്രത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുകയാണെന്നും ജോബി കുറ്റപ്പെടുത്തി. 4.82 കോടി രൂപ മുടക്കി എടുക്കുന്ന ചിത്രമാണ് വെയില്. ഇതിന്റെ ബാക്കി ചിത്രീകരണത്തില്‍ നിന്ന് ഷെയിന്‍ ഒഴിഞ്ഞ് മാറുകയാണെന്നും ഇപ്പോള്‍ പ്രതിഫലം കൂട്ടി ചോദിക്കുകയാണെന്നും നിര്‍മാതാവ് ആരോപിക്കുന്നു.
ആദ്യം 30 ലക്ഷം രൂപയാണ് പ്രതിഫലമായി നല്‍കിയത്. ഇപ്പോള്‍ 10 ലക്ഷം രൂപ കൂടി വേണമെന്നാണ് പറയുന്നത്. ഷെയിന്‍ മൂലം ചിത്രത്തിലെ നായികനടിയുടെ പഠനം മുടങ്ങിയിരിക്കുകയാണെന്നും ജോബി പറയുന്നു. നിര്‍മാതാക്കളുടെ സംഘടനയ്ക്ക് താനും പരാതി നല്‍കിയിരിക്കുകയാണെന്നും ജോബി വ്യക്തമാക്കി. ബുധനാഴ്ച രാത്രി ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് നിര്‍മാതാവ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന് ഷെയിന്‍ അറിയിച്ചത്.
ജോബി ജോര്‍ജ് നിര്‍മിക്കുന്ന വെയില് എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന് ശേഷം കുര്‍ബാനി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി താന്‍ പോയി. ഈ ചിത്രത്തിന് വേണ്ടി താന്‍ പിന്നിലെ മുടി അല്പം മുറിച്ചു. ഇത് തന്റെ ചിത്രം മുടക്കാനാണെന്ന് ആരോപിച്ച് ജോബി ജോര്‍ജ് വധഭീഷണി മുഴക്കുകയാണെന്നാണ് ഷെയിന്‍ ആരോപിക്കുന്നത്. സംഭവത്തില്‍ താരസംഘടനയായ അമ്മയിലും ഷെയിന്‍ പരാതി നല്‍കിയിട്ടുണ്ട്.