ചലച്ചിത്ര അവാര്‍ഡ് വിവാദം; കയ്യില്‍ കൊടുക്കാതിരുന്നതില്‍ തെറ്റില്ലെന്ന് കനി കുസൃതി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ജേതാക്കളുടെ കയ്യില്‍ കൊടുക്കാതിരുന്നതില്‍ തെറ്റില്ലെന്ന് മികച്ച നടിയായ കനി കൃസൃതി. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി അവാര്‍ഡ് ശില്പം ഉള്‍പ്പെടെയുള്ളവ മേശപ്പുറത്ത് വെച്ച് നല്‍കിയതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ അവാര്‍ഡ് വിതരണം ചെയ്തതിലൂടെ ജേതാക്കളെ അപമാനിക്കുകയായിരുന്നുവെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്.
എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന നിര്‍ദേശം കൊടുത്തിട്ട് സര്‍ക്കാര്‍ ഇത്തരം ചടങ്ങുകള്‍ നടത്തുമ്പോള്‍ അവ പാലിക്കാതിരിക്കുന്നത് നിരുത്തരവാദപരമാണെന്ന് കനി വ്യക്തമാക്കി. മുഖ്യമന്ത്രിയും അവിടെ കൂടിയ മറ്റുള്ളവരും പല പ്രായത്തിലുള്ളവരായിരുന്നു. ഓരോ ആളിന്റെയും ഇമ്യൂണിറ്റി പല തരത്തിലാണ്.
കോവിഡ് മാനദണ്ഡങ്ങള്‍ പിന്‍വലിക്കാന്‍ കഴിയാത്ത ഈ സാഹചര്യത്തില്‍ പുരസ്കാരങ്ങള്‍ കൈമാറാതെ സ്വീകരിക്കുക എന്ന നടപടി അങ്ങേയറ്റം പ്രശംസനീയമാണെന്നും കനി കൂട്ടിച്ചേര്‍ത്തു. അവാര്‍ഡി ദാനച്ചടങ്ങ് വളരെ ഉത്തരവാദിത്തത്തോടെയാണ് നടത്തിയതെന്നും അത് വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്തുവെന്നും കനി പറഞ്ഞു.