പ്രതിഷേധിച്ച സിനിമക്കാര്‍ക്ക് രാജ്യസ്‌നേഹമില്ലെന്ന് കുമ്മനം; ഭീഷണിപ്പെടുത്തേണ്ടെന്ന് കമല്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ചലച്ചിത്ര പ്രവര്ത്തകരെ അധിക്ഷേപിച്ച് കുമ്മനം രാജശേഖരന്.
 | 
പ്രതിഷേധിച്ച സിനിമക്കാര്‍ക്ക് രാജ്യസ്‌നേഹമില്ലെന്ന് കുമ്മനം; ഭീഷണിപ്പെടുത്തേണ്ടെന്ന് കമല്‍ പ്രതിഷേധിച്ച സിനിമക്കാര്‍ക്ക് രാജ്യസ്‌നേഹമില്ലെന്ന് കുമ്മനം; ഭീഷണിപ്പെടുത്തേണ്ടെന്ന് കമല്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ചലച്ചിത്ര പ്രവര്‍ത്തകരെ അധിക്ഷേപിച്ച് കുമ്മനം രാജശേഖരന്‍. സിനിമാ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് തെറ്റാണെന്നും പ്രതിഷേധിച്ചവര്‍ക്ക് രാജ്യസ്‌നേഹം ഇല്ലെന്നും കുമ്മനം പറഞ്ഞു. അഭിനേതാക്കളുടെ നാടിനോടുള്ള കൂറ് വെറും അഭിനയമാണ്. അവരുടെ രാജ്യസ്‌നേഹം കാപട്യം മാത്രമാണ്. സിനിമക്കാര്‍ ആരോടാണ് പ്രതിബദ്ധത കാണിക്കുന്നതെന്നും പ്രതിഷേധങ്ങള്‍ മൂലമുണ്ടാകുന്ന നാട്ടിലുണ്ടാകുന്ന ദുരിതവും ദുരന്തവും അവര്‍ മനസിലാക്കുന്നില്ലെന്നുമാണ് കുമ്മനം പറഞ്ഞത്.

കുമ്മനത്തിന്റെ പ്രസ്താവനക്കെതിരെ സംവിധായകനും ചലച്ചിത്ര അക്കാഡമി ചെയര്‍മാനുമായ കമല്‍ രംഗത്തെത്തി. ഇത്തരം വിടുവായത്തം പറയുന്നത് ശരിയല്ലെന്നും സിനിമക്കാരുടെ രാജ്യസ്‌നേഹം അളക്കാനുള്ള മീറ്റര്‍ ബിജെപിക്കാരുടെ കയ്യിലാണോ എന്നും കമല്‍ ചോദിച്ചു. ഞങ്ങള്‍ ഈ നാട്ടിലെ പൗരന്‍മാരാണ് സാറെ, സിനിമാക്കാരെന്താ വേറെ രാജ്യത്ത് നിന്ന് വന്നതാണോ? കുറേ നാളായി തുടങ്ങിയിട്ട്, പാകിസ്ഥാനിലേക്ക് പോകൂ എന്നൊക്കെ പറഞ്ഞ്.

കുമ്മനം രാജശേഖരനെപ്പോലെയുള്ളവര്‍ ഇത്തരം കാര്യങ്ങള്‍ മറ്റേതെങ്കിലും വേദിയില്‍ പോയി പറഞ്ഞാല്‍ മതിയെന്നും ഇന്ത്യ മുഴുവന്‍ പ്രതിഷേധിക്കുകയാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.