കൊറോണയേക്കാള്‍ ദുരന്തമായ കൊറേയെണ്ണം! കുഞ്ചാക്കോ ബോബന്‍ പ്രതികരിക്കുന്നു

മിന്നല് മുരളിയുടെ സെറ്റ് തകര്ത്ത സംഭവത്തില് പ്രതികരിച്ച് നടന് കുഞ്ചാക്കോ ബോബന്. കൊറോണയേക്കാള്‍ ദുരന്തമായ കൊറേയെണ്ണം എന്ന് കുഞ്ചാക്കോ ബോബന്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. രാഷ്ട്രീയ ബജ്രംഗ്ദള്‍ എന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രവര്‍ത്തകരാണ് കാലടി ശിവരാത്രി മണപ്പുറത്തെ പള്ളിയുടെ സെറ്റ് ഇന്നലെ തകര്‍ത്തത്. സംഭവത്തില്‍ ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പ്രതിഷേധം അറിയിച്ചിരുന്നു.
സെറ്റ് തകര്‍ത്ത സംഘടന അതില്‍ പങ്കെടുത്തവരുടെ പേരുകള്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ നല്‍കിയിട്ടും പ്രതികരിക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ അത് കാണുന്നില്ലെന്ന പരാതി സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നുണ്ട്. വര്‍ഗ്ഗീയവാദികളാണ് സെറ്റ് തകര്‍ത്തതെന്ന് മിന്നല്‍ മുരളിയിലെ നായകനായ ടൊവീനോ പറഞ്ഞത് ഒഴിച്ചാല്‍ ആരും ഇക്കാര്യം പരാമര്‍ശിക്കുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.
സംഭവത്തില്‍ പെരുമ്പാവൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ സംഘടനയ്‌ക്കെതിരെ മാത്രമാണ് പോലീസ് കേസെടുത്തിരിക്കുന്നതെന്നും സെറ്റ് പൊളിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പോസ്റ്റ് കാണാം
കൊറോണയെക്കാൾ ദുരന്തമായ കൊറേയെണ്ണം
!!!!
Posted by Kunchacko Boban on Monday, May 25, 2020