കുറുപ്പ് സിനിമക്കെതിരെ നിയമ നടപടിയുമായി ചാക്കോയുടെ കുടുംബം

ദുല്‍ഖര്‍ സല്മാന് നായകനാകുന്ന കുറുപ്പ് എന്ന ചിത്രത്തിനെതിരെ നിയമ നടപടി. സുകുമാരക്കുറുപ്പിനെ മഹത്വവല്‍ക്കരിക്കുന്ന ചിത്രമാണോ ഇതെന്ന ചോദ്യവുമായി കൊല്ലപ്പെട്ട ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയുടെ ഭാര്യ ശാന്തയും മകന് ജിതിനും രംഗത്തെത്തി. സുകുമാരക്കുറുപ്പിനെ ന്യായീകരിക്കുന്നതും ചാക്കോയെ അപകീര്‍ത്തിപ്പെടുത്തുന്നതുമായ ഒന്നും സിനിമയില്‍ ഇല്ലെന്ന് ബോധ്യപ്പെടുത്തണമെന്നാണ് ആവശ്യം.
ഇതിനായി റിലീസിന് മുന്‍പ് ചിത്രം കാണണമെന്നും ഇവര്‍ വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ദുല്‍ഖര്‍ സല്‍മാനാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണെന്ന് ടീസറില്‍ വ്യക്തമാണെന്നും സുകുമാരക്കുറുപ്പിനെ ന്യായീകരിക്കുന്ന വിവരണം ടീസറില്‍ ഉണ്ടായിരുന്നുവെന്നുമാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.
ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്യുന്ന ചിത്രം പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതമാണ് പ്രമേയമാക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തു വന്നിരുന്നു.