‘കിറുകൃത്യം’; ജാമിയ മിലിയ വെടിവെപ്പില്‍ പ്രതിഷേധം അറിയിച്ച് ലിജോ ജോസ് പെല്ലിശേരി

ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയില് വിദ്യാര്ത്ഥികള്ക്ക് നേരെയുണ്ടായ വെടിവെപ്പില് പ്രതിഷേധം അറിയിച്ച് സംവിധായകന് ലിജോ ജോസ് പെല്ലിശേരി. മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ നടന്ന വെടിവെപ്പിനെതിരെ വെടിയേറ്റു വീണ ഗാന്ധിജിയുടെ ചിത്രം ഷെയര്‍ ചെയ്തുകൊണ്ടാണ് ലിജോ പ്രതിഷേധിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത രാംഭക്ത് ഗോപാലിന്റെ ചിത്രവും അദ്ദേഹം ഷെയര്‍ ചെയ്തു. കിറുകൃത്യം എന്നാണ് ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്.
സര്‍വകലാശാലയില്‍പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് അക്രമി വെടിയുതിര്‍ത്തത്. ഡല്‍ഹി പോലീസ് നോക്കി നില്‍ക്കെയാണ് സംഭവമുണ്ടായത്. വെടിവെപ്പില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ഷദാബ് എന്ന് വിദ്യാര്‍ഥിയ്ക്കാണ് പരിക്കറ്റേത്. കയ്യില്‍ വെടിയേറ്റ ഷദാബിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു.
‘യേ ലോ ആസാദി’ (ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം) എന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് അക്രമി വെടിയുതിര്‍ത്തത്. ഇതിനൊപ്പം ജയ് ശ്രീറാം എന്നും വിളിച്ച ഇയാള്‍ ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ വന്ദേമാതരം ചൊല്ലണമെന്ന് പറഞ്ഞുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു.