പ്രിയദര്‍ശനും ലിസിയും ഔദ്യോഗികമായി വിവാഹമോചിതരായി

ചെന്നൈ: പ്രശസ്ത സംവിധായകന് പ്രിയദര്‍ശനും പഴയകാല നായിക ലിസിയും ഔദ്യോഗികമായി വേര്‍പിരിഞ്ഞു. ചെന്നൈ കുടുംബകോടതി ലിസിക്കും പ്രിയദര്‍ശനും പിരിയാന്‍ ഇന്ന് അനുമതി നല്കി. കോടതിയില്‍ ഹാജരായ ഇരുവരും വിവാഹമോചനത്തിനായി ബന്ധപ്പെട്ട രേഖകളില്‍ ഒപ്പുവെച്ചു. ലിസിയാണ് ഇതുസംബന്ധിച്ച് പത്രക്കുറിപ്പ് പുറത്തുവിട്ടത്.
അതേസമയം തങ്ങളുടെ കുടുംബജീവിതം ഒട്ടും സുഗമമായിരുന്നില്ലെന്ന് ലിസി പത്രക്കുറിപ്പില്‍ വിശദമാക്കി. സിനിമാ രംഗത്തുള്ള മറ്റ് ദമ്പതികള്‍ പിരിയുംപോലെ പരസ്പര ബഹുമാനത്തോടെയല്ല തങ്ങള്‍ പിരിയുന്നതെന്ന് അവര്‍ പറഞ്ഞു. ഹൃത്വിക് റോഷന്-സൂസണ്‍, മഞ്ജു- ദിലീപ്, അമല- വിജയ് തുടങ്ങിയവരെല്ലാം വേര്‍പിരിഞ്ഞപ്പോഴും പരസ്പരം ബഹുമാനം കാത്തു സൂക്ഷിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ കാര്യത്തില്‍ അതുണ്ടായില്ല. കോടതിക്ക് അകത്തും പുറത്തും ബഹളമായിരുന്നുവെന്ന് ലിസി വെളിപ്പെടുത്തി.
വിവാഹമോചനം പോലും ഇത്രയും പ്രശ്നം നിറഞ്ഞതായിരുന്നുവെങ്കില് ഞങ്ങളുടെ ദാമ്പത്യ ജീവിതം എത്രത്തോളം ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ഇതിലൂടെ മനസ്സിലാക്കാനാകും. എല്ലാം അവസാനിച്ചതില്‍ അതിയായ ആശ്വാസം ഉണ്ട്. ധാരാളം വെല്ലുവിളികള്‍ നിറഞ്ഞ ഒരു യാത്രയുടെ അവസാനമാണിത്. ഇനിയും ജീവിതത്തില്‍ ഒരുപാട് മുന്നോട്ട് പോകാനുണ്ട്- ലിസി പറയുന്നു.
1990 ല്‍ വിവാഹിതരായ ലിസിയും പ്രിയദര്‍ശനും 2014ലാണ് വിവാഹ മോചനത്തിനായി കോടതിയെ സമീപിക്കുന്നത്.

