മാപ്പപേക്ഷ സ്വീകരിക്കില്ല; നടിയെ ആക്രമിച്ച കേസിലെ പ്രതികളെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്

കൊച്ചി: ലുലു മാളില് നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് പോലീസ്. പ്രതികളെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. കളമശേരി പോലീസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പെരിന്തല്‍മണ്ണയില്‍ പ്രതികള്‍ ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കിയതോടെ പ്രതികള്‍ കീഴടങ്ങാനുള്ള സന്നദ്ധത അഭിഭാഷകന്‍ മുഖേന അറിയിച്ചിരുന്നു. കളമശ്ശേരിയില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങുമെന്നാണ് അറിയിച്ചത്. ഇവരെ ഇന്ന് തന്നെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരാണ് ലുലു മാളില്‍ വെച്ച് നടിയെ ആക്രമിച്ചത്.
ഇവര്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തതായി നടി സോഷ്യല്‍ മീഡിയയില്‍ എഴുതിയതിനെ തുടര്‍ന്ന് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അതേസമയം തങ്ങള്‍ ബോധപൂര്‍വം നടിയെ ഉപദ്രവിച്ചിട്ടില്ലെന്നും മാപ്പ് പറയാന്‍ ഒരുക്കമാണെന്നും വ്യക്തമാക്കി പ്രതികള്‍ ഇന്ന് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.