ദുല്‍ഖര്‍ സല്‍മാന്‍ ചെയ്യേണ്ട സിനിമകള്‍ മമ്മൂട്ടി ചെയ്യരുതെന്ന് സൂപ്പര്‍താരത്തിന് ആരാധകന്റെ തുറന്ന കത്ത്; കത്ത് വായിക്കാം

ദുല്ഖര് സല്മാന് ചെയ്യേണ്ട സിനിമകള് ഇനി മമ്മൂട്ടി ചെയ്യരുതെന്ന് ആരാധകന്റെ തുറന്ന കത്ത്. പ്രിയപ്പെട്ട മമ്മൂക്കാ, നിങ്ങള് ഒരു വഴിത്തിരിവിലാണ്. ഇപ്പോള് എതു വഴി തിരഞ്ഞെടുക്കും എന്നതിനെ ആശ്രയിച്ചായിരിക്കും കേരള ചരിത്രം നിങ്ങളെ അടയാളപ്പെടുത്തുക. ദുല്ഖറിന്റെ റോളുകള് അയാള്ക്കും അയാളുടെ ഒപ്പമുള്ള ഒരുപാടു നല്ല നടന്മാര്ക്കും വിട്ടു കൊടുക്കുക. മമ്മൂട്ടിക്ക് വേറേ വഴിയുണ്ട്. ആ വഴി തിരിച്ചറിയുകയും തിരഞ്ഞെടുക്കുകയും ചെയ്യണമെന്നുമാണ് ഫേസ്ബുക്കില് പ്രത്യക്ഷപ്പെട്ട കത്തില് പറയുന്നത്.
 | 

ദുല്‍ഖര്‍ സല്‍മാന്‍ ചെയ്യേണ്ട സിനിമകള്‍ മമ്മൂട്ടി ചെയ്യരുതെന്ന് സൂപ്പര്‍താരത്തിന് ആരാധകന്റെ തുറന്ന കത്ത്; കത്ത് വായിക്കാം

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ ചെയ്യേണ്ട സിനിമകള്‍ ഇനി മമ്മൂട്ടി ചെയ്യരുതെന്ന് ആരാധകന്റെ തുറന്ന കത്ത്. പ്രിയപ്പെട്ട മമ്മൂക്കാ, നിങ്ങള്‍ ഒരു വഴിത്തിരിവിലാണ്. ഇപ്പോള്‍ എതു വഴി തിരഞ്ഞെടുക്കും എന്നതിനെ ആശ്രയിച്ചായിരിക്കും കേരള ചരിത്രം നിങ്ങളെ അടയാളപ്പെടുത്തുക. ദുല്‍ഖറിന്റെ റോളുകള്‍ അയാള്‍ക്കും അയാളുടെ ഒപ്പമുള്ള ഒരുപാടു നല്ല നടന്‍മാര്‍ക്കും വിട്ടു കൊടുക്കുക. മമ്മൂട്ടിക്ക് വേറേ വഴിയുണ്ട്. ആ വഴി തിരിച്ചറിയുകയും തിരഞ്ഞെടുക്കുകയും ചെയ്യണമെന്നുമാണ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട കത്തില്‍ പറയുന്നത്.

റോളുകള്‍ മാത്രമല്ല സിനിമുടെ രാഷ്ട്രീയവും പരിഗണിക്കണം. ജനകീയ സൂപ്പര്‍ താരം എന്നതിനപ്പുറം മമ്മൂട്ടിക്ക് കേരള പൊതുസമൂഹം കല്‍പ്പിച്ചു കൊടുക്കുന്ന സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ കഴിയുന്ന ലീഡര്‍ഷിപ്പ് റോള്‍ ഉണ്ട്. അപ്പോള്‍ തിരഞ്ഞെടുക്കുന്ന സിനിമകളുടെ രാഷ്ട്രീയം കൂടി മമ്മൂട്ടി വിലിരുത്തിയെ മതിയാകൂ എന്നും കത്ത് പറയുന്നു.

നിങ്ങള്‍ കസബയിലോ വൈറ്റിലോ അഭിനയിക്കുന്ന ഒരു വെറും സൂപ്പര്‍സ്റ്റാറല്ല. നിങ്ങള്‍ ഒരു പൊളിറ്റിക്കല്‍ സിംബലാണ്, ആകണം എന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. മലയാള മനോരമയിലെ സീനിയര്‍ ജേര്‍ണലിസ്റ്റും കവിയുമായ കെ.ടോണിജോസ് ആണ് മമ്മൂട്ടിക്ക് തുറന്ന കത്തെഴുതിയത്.

കത്ത് വായിക്കാം

Open Letter to Mammootty from a diehard fan!

മമ്മൂട്ടിയെ ഇഷ്ടപ്പെട്ടുകൊണ്ടു ജീവിക്കുക അക്കാലത്ത് വലിയ റിസ്കായിരുന്നു. സ്കൂൾ കാലമാണ്. ക്ലാസിലെയെന്നല്ല സ്കൂളിലെതന്നെ എല്ലാവരും മോഹൻലാൽ ഫാൻസ്. അതങ്ങനെയാവുകയേ തരമുള്ളൂ. കാരണം, മോഹൻലാലിനെ ഇഷ്ടപ്പെടുകയല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. രാജാവിന്റെ മകനും ഇരുപതാം നൂറ്റാണ്ടും കണ്ടു കോരിത്തരിച്ചു പോകും. ബോയിങ് ബോയിങ്ങും ചിത്രവും വന്ദനവുമൊക്കെ കണ്ട് ചിരിച്ചു മറിയും. മൂന്നാംമുറയൊക്കെ കണ്ട് സസ്പെൻസിന്റെ മുൾമുനയിലായിപ്പോകും.

പല സിനിമകളുടെയും ക്ലൈമാക്സിൽ കരഞ്ഞു പോകും. അത്രമേൽ തൊട്ടുനിൽക്കുന്ന കഥാപാത്രമായിരുന്നു സ്ക്രീനിലെ മോഹൻലാൽ. നമ്മുടെ അപ്പുറത്തും ഇപ്പുറത്തും ഒക്കെ കാണുന്ന ഒരു റിയൽ മലയാളി. ചിരിക്കുന്ന, കരയുന്ന, സ്നേഹിക്കുന്ന, കലഹിക്കുന്ന, ദേഷ്യപ്പെടുന്ന ഒരാൾ. വളരെ സ്വാഭാവികമായ ഒരാൾ!

മമ്മൂട്ടി അങ്ങനെയായിരുന്നില്ല, വേറൊരു ലോകത്തുനിന്നോ കാലത്തുനിന്നോ വന്ന ഒരാളായിരുന്നു. മോഹൻലാലിനോട് സ്നേഹമാണെങ്കിൽ മമ്മൂട്ടിയോടു കൗതുകമായിരുന്നു തോന്നുക. അടുത്തുള്ള ആളല്ല, കൈ നീട്ടിത്തൊടാനാകാത്ത അകലെയുള്ള ഒരു കൗതുകം.

ഇതെല്ലാം കൊണ്ടു തന്നെ സ്വാഭാവികമായും മോഹൻലാലാണ് അന്നത്തെ പ്രിയ സൂപ്പർതാരം. മമ്മൂട്ടിയാണോ മോഹൻലാലാണോ മികച്ച നടൻ എന്നൊക്കെയുള്ള ആർഗുമെന്റു പോലും വിലവച്ചു തരാത്തത്രയും വലിയ ഫാൻഫെയർ. അത്രയും ഡേഞ്ചറസായ ഒരു കാലത്താണ് മമ്മൂട്ടി ഫാനായി ഞാൻ ജീവിച്ചു തുടങ്ങിയത്. അന്നത്തെ ഒരു മമ്മൂട്ടി വാദത്തിനൊടുവിൽ മോഹൻലാ‍ൽ ഫാൻസായ സഹപാഠികളിലൊരാൾ മുഖത്തു കോമ്പസു കൊണ്ടു കുത്തിയ പാട് ഇപ്പോഴും മുഖത്തുണ്ട്. മറ്റൊരുപാടു പാടുകൾ പിൽക്കാലത്ത് മുഖത്തു വന്നതു കൊണ്ട് എടുത്തുകാണില്ലെങ്കിലും സൂക്ഷിച്ചു നോക്കിയാൽ ഇപ്പോഴും അതവിടെയുണ്ട്. അതായിരുന്നു എന്റെ ആദ്യത്തെ മമ്മൂട്ടി മുദ്ര!

മോഹൻലാൽ ഫാൻസിന്റെ ഒരു വലിയ കൂട്ടത്തിനു മുൻപിൽ തോറ്റുപോകുന്ന മമ്മൂട്ടിക്കു വേണ്ടി നിൽക്കുക എന്ന ഒരുതരം അണ്ടർഡോഗ് സിൻഡ്രമിൽനിന്നാണ് എന്റെ മമ്മൂട്ടി പ്രിയം രൂപപ്പെട്ടത് എന്നാണ് എനിക്കു തോന്നുന്നത്. (അക്കാലത്ത് എല്ലാ കളികളും തോറ്റിരുന്ന ശ്രീലങ്കയുടെ ക്രിക്കറ്റ് ടീമിനോടും ഇതേ പ്രിയമായിരുന്നു) അല്ലെങ്കിൽ അന്ന്, മോഹൻലാലിന്റെ അത്രയും എൻജോയബിളായ സിനിമകളുടെ കാലത്ത്, താരതമ്യേനെ ബോറൻ പടങ്ങളിൽ അഭിനയിച്ച മമ്മൂട്ടിയോടു ഇഷ്ടം തോന്നുന്നതെങ്ങനെ!

പിന്നീട്, മമ്മൂട്ടി തന്നെയാണ് മികച്ച നടൻ എന്നതിന് പല പല ദൃഷ്ടാന്തങ്ങൾ വന്നു ഭവിച്ചു. (ഇതേക്കുറിച്ച് കുറച്ചു കാലം മുൻപത്തെ ഒരു പോസ്റ്റിൽ വിശദമായി എഴുതിയതു കൊണ്ട് അതിലേക്കു കടക്കുന്നില്ല.) ശരീരം മുഴുവനും കൊണ്ട് അഭിനയിക്കുന്നയാളാണ് മമ്മൂട്ടി. ശരീരം മാധ്യമമാകുന്നത് മമ്മൂട്ടിയിലാണ്. മോഹൻലാലിന്റേത് മാനറിസങ്ങളുടെ കളിയാണ്. മാനറിസങ്ങൾ പെട്ടെന്നു ജനപ്രിയമാകും. രജനീകാന്ത് ഏറ്റവും വലിയ ഉദാഹരണം. ഇപ്പറയുന്നതിനർഥം മോഹൻലാൽ നല്ല നടനല്ല എന്നല്ലേയല്ല. മോഹൻലാലിന്റെ ഉജ്വലമായ കഥാപാത്രങ്ങളുണ്ട് – എന്റെ ഏറ്റവും പ്രിയപ്പെട്ട ലാൽകഥാപാത്രമുള്ള തമിഴിലെ ഇരുവർ, വാനപ്രസ്ഥം, ഉൽസവപ്പിറ്റേന്ന്, വാസ്തുഹാര തുടങ്ങി ഒരുപിടി ചിത്രങ്ങൾ. അവയിൽ മോഹൻലാൽ എന്ന വ്യക്തിയില്ല, കഥാപാത്രമേയുള്ളൂ.

എന്നാൽ മമ്മൂട്ടിയുടെ കൂടുതൽ കഥാപാത്രങ്ങളിൽ ഈ മമ്മൂട്ടിയില്ലായ്മയുണ്ട്. കഥാപാത്രത്തിന്റേതായ ഒരു ബോഡിലാംഗ്വേജ് കൂടുതൽ സിനിമകളിൽ മമ്മൂട്ടി രൂപപ്പെടുത്തിയെടുക്കുന്നു. കൊമേഴ്സ്യൽ സിനിമകളിൽ പോലുമുണ്ട് ഇത് – സേതുരാമ അയ്യർ ഉദാഹരണം, ഓഗ്സറ്റ് ഒന്നിലെ പൊലിസൂകാരൻ മരയ്ക്കാർ ഉദാഹരണം… അങ്ങനെ ഒരുപാട് കഥാപാത്രങ്ങൾ. നല്ല സിനിമകളുടെ ഉദാഹരണത്തിലേക്കു പോകുന്നില്ല. ഭൂതക്കണ്ണാടിയിലെ വിദ്യാധരന്റെയൊക്കെ ഉദാഹരണം പഴയ കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. മുന്നറിയിപ്പിലെ ജയിൽപ്പുള്ളിയെപ്പോലെ സട്ട്ൽ ആയുള്ള അഭിനയത്തെക്കുറിച്ചും മുൻപു പറഞ്ഞതാണ്.

പറഞ്ഞുവന്നത്, സിനിമ കണ്ടു തുടങ്ങിയ കാലംമുതൽ കടുത്ത മമ്മൂട്ടി ഫാനാണ് ഞാൻ. ഇന്നുമതെ. തിയറ്ററിൽ റിലിസ് ചെയ്തിട്ടുള്ള ഒരുവിധപ്പെട്ട ഒരു മമ്മൂട്ടി സിനിമയും മിസാക്കിയിട്ടില്ല. പല സിനിമകളും ഉത്തരവാദിത്തമുള്ള ഒരു ഫാനിനെപ്പോലെ ആദ്യദിവസം ആദ്യ ഷോതന്നെ കണ്ടിട്ടുണ്ട്. ഇനിയും ഓരോ സിനിമയും തീർച്ചയായും കാണുക തന്നെ ചെയ്യും.

അങ്ങനെയുള്ള ഞാൻ എന്റെ പ്രിയ നായകനോട് ഇനിയെങ്കിലും ഇതു പറഞ്ഞേ മതിയാകൂ,
പ്രിയപ്പെട്ട മമ്മൂക്കാ, ഇതാ നിങ്ങൾ ഒരു വഴിത്തിരിവിലാണ്. ഇപ്പോൾ മുൻപിലുള്ളതിൽ ഏതു വഴി തിരഞ്ഞെടുക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും കേരള ചരിത്രം നിങ്ങളെ അടയാളപ്പെടുത്തുക. ഇതിനുമുൻപു നിങ്ങൾ ചെയ്തിട്ടുള്ള എല്ലാ കഥാപാത്രങ്ങളും എല്ലാ നന്മകളും വിസ്മരിക്കപ്പെടും, ഇപ്പോൾ നിങ്ങൾ തിരഞ്ഞെടുക്കുന്നത് ശരിയായ വഴിയല്ലെങ്കിൽ.
ദുൽഖർ സൽമാൻ ചെയ്യേണ്ട സിനിമകൾ ഇനി മമ്മൂട്ടി ചെയ്യരുത്. ദുൽഖറിന്റെ റോളുകൾ അയാൾക്കും അയാളുടെ ഒപ്പമുള്ള ഒരുപാടു നല്ല നടന്മാർക്കും വിട്ടുകൊടുക്കുക. മമ്മൂട്ടിക്ക് വേറെ വഴിയുണ്ട്. ആ വഴി തിരിച്ചറിയുകയും തിരഞ്ഞെടുക്കുകയും ചെയ്യണം.

സിനിമയിലെ റോളുകൾ മാത്രമല്ല, സിനിമയുടെ രാഷ്ട്രീയം കൂടി നോക്കിയേ മതിയാവൂ ഇനി മമ്മൂട്ടി. കാരണം, ജനകീയ സൂപ്പ‍ർ താരം എന്നതിനപ്പുറം കേരള സമൂഹം മമ്മൂട്ടിയെപ്പോലുള്ളവർക്കു കൽപിച്ചുകൊടുക്കുന്ന ഒരു സ്ഥാനമുണ്ട്. സമൂഹത്തെ മുന്നോട്ടു നയിക്കാൻ കഴിയുന്ന ലീഡർഷിപ് റോളിലാണ് മമ്മൂട്ടിയെപ്പോലുള്ളവരെ പൊതുസമൂഹം കാണുന്നത്. അപ്പോൾ തിരഞ്ഞെടുക്കുന്ന സിനിമകളുടെ രാഷ്ട്രീയം കൂടി മമ്മൂട്ടി വിലയിരുത്തിയേ മതിയാകൂ. പെപ്സിയുടെ പരസ്യം വേണ്ടെന്നു വച്ചയാളാണ് മമ്മൂട്ടി. ഇടതുപക്ഷത്തോടൊപ്പം നിൽക്കാൻ തീരുമാനിച്ചയാളാണ്. മമ്മൂട്ടി ചെയ്യുമ്പോൾ അതിനൊക്കെ വലിയ സിംബോളിക് വാല്യൂവുണ്ട്. സിനിമകളെ സംബന്ധിച്ചും അതങ്ങനെയാണ്.

നിങ്ങൾ, കസബയിലോ വൈറ്റിലോ അഭിനയിക്കുന്ന ഒരു വെറും സൂപ്പർ സ്റ്റാറല്ല. നിങ്ങൾ ഒരു പൊളിറ്റിക്കൽ സിംബലാണ്. ആകണം.

(മുഖത്തെ ആ മുറിപ്പാടിന്റെ ചോര പൊടിയുമോർമയിൽ മമ്മൂട്ടിയോട് ഇത്രയും പറയാനുള്ള അവകാശം എനിക്കുണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം!)

‪#‎OpenLetter‬ ‪#‎Mammootty‬ ‪#‎Fan‬