എന്റെ സഹോദരങ്ങള്‍ വിളിക്കുന്നത് പോലെയാണ് ലാല്‍ എന്നെ വിളിക്കുന്നത്; മമ്മൂട്ടി മോഹന്‍ലാലിനെക്കുറിച്ച്

60-ാം പിറന്നാളില്‍ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടിയുടെ വീഡിയോ. എന്റെ സഹോദരങ്ങള്‍ വിളിക്കുന്നത് പോലെയാണ്, ഇച്ചാക്ക എന്നാണ് ലാല്‍ എന്നെ അഭിസംബോധന ചെയ്യുന്നത്. പലരും വിളിക്കുമ്പോഴും തോന്നാത്ത സന്തോഷം ലാല്‍ അങ്ങനെ വിളിക്കുമ്പോള്‍ തോന്നാറുണ്ട്, എന്റെ സഹോദരങ്ങളില്‍ ഒരാളെന്ന തോന്നല്‍ എന്ന് മമ്മൂട്ടി വീഡിയോയില്‍ പറയുന്നു. തന്റെ മകന്റെയും മകളുടെയും വിവാഹം സ്വന്തം വീട്ടിലെന്നത് പോലെ ലാല്‍ നടത്തി തന്നത് ഓര്‍മയുണ്ടെന്നും വികാര നിര്‍ഭരമായ വീഡിയോയില്‍ മമ്മൂട്ടി പറയുന്നു.
ലാലിന്റെ ജന്മദിനമാണ്. ഞങ്ങള്‍ തമ്മില്‍ പരിചയമായിട്ട് ഏകദേശം 39 വര്‍ഷം കഴിഞ്ഞു. പടയോട്ടത്തിന്റെ സെറ്റിലാണ് ആദ്യം കാണുന്നത്. ആ പരിചയം ദാ ഇന്നു വരെ. എന്റെ സഹോദരങ്ങള്‍ വിളിക്കുന്നതുപോലെയാണ് ലാല്‍ എന്നെ വിളിക്കുന്നത്-ഇച്ചാക്ക. പലരും വിളിക്കുമ്പോഴും തോന്നാത്ത സന്തോഷം ലാല്‍ അങ്ങനെ വിളിക്കുമ്പോള്‍ തോന്നാറുണ്ട്. എന്റെ സഹോദരങ്ങളില്‍ ഒരാളെന്ന തോന്നല്‍. വളരെ നീണ്ട ഒരു യാത്രയാണ് ഞങ്ങളുടേത്. ചില്ലറ പിണക്കങ്ങളും പരിഭവങ്ങളുമൊക്കെ നേരിട്ട് കാണുമ്പോള്‍ ഐസ് പോലെ അലിഞ്ഞുപോകുന്നത് പലപ്പോഴും അനുഭവിച്ചിട്ടുണ്ട്. അപ്പു ആദ്യമായി സിനിമയിലേക്ക് പോകുന്നതിന് മുന്‍പ് എന്നെ വീട്ടില്‍ വന്നുകണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. സിനിമയിലെ സഹ അഭിനേതാക്കള്‍ എന്നതിനപ്പുറം ഞങ്ങളുടെ ബന്ധം വളര്‍ന്നിരുന്നു. അത് ഈ യാത്രയിലെ മറക്കാനാവാത്ത കാര്യമാണ്. ഇനിയുള്ള കാലവും നമുക്ക് ഈ യാത്ര തുടരാമെന്ന് മമ്മൂട്ടി പറയുന്നു.
വീഡിയോ കാണാം
എന്റെ ലാലിന്…
Posted by Mammootty on Wednesday, May 20, 2020