”കയ്യടിക്കടാ”; വിവാഹച്ചെലവ് ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ മണികണ്ഠന് കയ്യടിച്ച് സോഷ്യല്‍ മീഡിയ

”കയ്യടിക്കടാ” എന്ന കമ്മട്ടിപ്പാടം സിനിമയിടെ സംഘട്ടന രംഗത്തിലെ ഡയലോഗാണ് മണികണ്ഠന് എന്ന നടനെ പ്രശസ്തനാക്കിയത്. എന്നാല്‍ ഈ ഡയലോഗ് ഇപ്പോഴാണ് അര്‍ത്ഥവത്തായതെന്ന് സോഷ്യല്‍ മീഡിയ. ലോക്ക് ഡൗണ്‍ കാലത്ത് വളരെ ലളിതമായി വിവാഹം നടത്തുകയും വിവാഹച്ചെലവിനായി സൂക്ഷിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്തതോടെ മണികണ്ഠനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ.
കോവിഡ് കാലത്ത് മാസ്ക് തുന്നാന്‍ പഠിപ്പിച്ച ഇന്ദ്രന്‍സും വിവാഹ ആഘോഷത്തിന് ചെലവാകുമായിരുന്ന തുക ദുരിതാശ്വാസനിധിയിലേക്ക് നല്കിയ മണികണ്ഠനും ജീവിതത്തില്‍ സൂപ്പര്‍ താരങ്ങളാവുകയാണെന്ന് ഡോ.നെല്‍സണ്‍ ജോസഫ് ഫെയിസ്ബുക്ക് കുറിപ്പില്‍ പറയുന്നു. മറ്റ് നിരവധി പേരും മണികണ്ഠന് അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ തൃപ്പൂണിത്തുറയില്‍ വെച്ചായിരുന്നു നടന് മണികണ്ഠന് വിവാഹിതനായത്. മരട് സ്വദേശിനി അഞ്ജലിയാണ് വധു. കുടുംബാംഗങ്ങള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.