നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വിസ്തരിച്ചു

കൊച്ചി: നടി ആക്രമണത്തിന് ഇരയായ കേസില് മഞ്ജു വാര്യരെ കോടതി വിസ്തരിച്ചു. കേസിലെ പതിനൊന്നാം സാക്ഷിയായ മഞ്ജുവിന്റെ സാക്ഷിവിസ്താരമാണ് നടന്നത്. എറണാകുളം സിബിഐ സ്പെഷ്യല്‍ കോടതിയിലായിരുന്നു വിസ്താരം. സിദ്ദിഖ്, ബിന്ദു പണിക്കര്‍ തുടങ്ങിയവരും സാക്ഷി വിസ്താരത്തിനായി കോടതിയില്‍ എത്തിയിരുന്നു.
നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് താരസംഘടനയായ അമ്മ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പരിപാടിയില്‍ മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. ദിലീപ് കേസില്‍ പ്രതിയാകുന്നതിനും മുന്‍പായിരുന്നു ഈ പരാമര്‍ശം. പിന്നീട് ദിലീപ് പ്രതിയായപ്പോള്‍ ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വിരോധമുണ്ടെന്ന് വിശദീകരിച്ച് മഞ്ജുവിനെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
അതുകൊണ്ടു തന്നെ മഞ്ജുവിന്റെ സാക്ഷിമൊഴി കേസില്‍ നിര്‍ണായകമാണ്. 135 സാക്ഷികളെയാണ് ആദ്യഘട്ടത്തില്‍ വിസ്തരിക്കുന്നത്. സംയുക്ത വര്‍മ, കുഞ്ചാക്കോ ബോബന്‍, ഗീതു മോഹന്‍ദാസ്, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, ഗായിക റിമി ടോമി എന്നിവരെയും വിസ്തരിക്കും.