അടച്ചുറപ്പ് വേണ്ടത് മനോനിലയ്ക്ക്, തിരുത്തിനുള്ള പോരാട്ടത്തിന് മുന്നിലുണ്ടാകും; നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികരണവുമായി മഞ്ജു വാര്യര്‍

തട്ടിക്കൊണ്ടുപോകലിന് ഇരയായ ചലച്ചിത്രനടിക്ക് ഐക്യദാര്ഢ്യവുമായി മഞ്ജു വാര്യര്. സൗമ്യയും ജിഷയുമുണ്ടായപ്പോള് നമ്മള് അടച്ചുറപ്പില്ലാത്ത തീവണ്ടി മുറികളെക്കുറിച്ചും വീടുകളെക്കുറിച്ചും വിലപിച്ചു. പക്ഷേ നടി അക്രമിക്കപ്പെട്ടത് ഒരു വാഹനത്തില് ആള്ത്തിരക്കുള്ള ദേശീയ പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ്. അപ്പോള് അടച്ചുറപ്പു വേണ്ടത് മനോനിലയ്ക്കാണെന്ന് മഞ്ജു വാര്യര് ഫേസ്ബുക്കില് കുറിച്ചു.
ഉപദ്രവം നേരിട്ട നടിക്ക് നേരെയെന്നല്ല, ഏതൊരു സ്ത്രീക്കു നേരെയും പുരുഷന്റെ ശാരീരികവും മാനസികവുമായ ആക്രമണങ്ങള്‍ വികലമായ മനോനിലയുടെയും സംസ്‌കാരത്തിന്റെയും സൂചനകളാണ്. ഓരോ തവണയും ഇതുണ്ടാകുമ്പോള്‍ നമ്മള്‍ പരാതി പറഞ്ഞും ഹാഷ് ടാഗുകള്‍ സൃഷ്ടിച്ചും കുറച്ചു ദിവസങ്ങള്‍ കൊണ്ടാടും. പക്ഷേ അതിനപ്പുറം ഈ മഹാവിപത്തിന് ഒരവസാനം വേണ്ടേ? ഒരു തിരുത്തിനുള്ള പോരാട്ടമാണ് ആവശ്യമെന്നും അതിന് താന്‍ മുന്നിലുണ്ടാകുമെന്നും മഞ്ജു പറയുന്നു.
നടിയെ കണ്ടുവെന്നും ഏറെ നേരം തങ്ങള്‍ സുഹൃത്തുക്കള്‍ ഒപ്പമിരുന്നുവെന്നും പറഞ്ഞ് ആരംഭിക്കുന്ന പോസ്റ്റില്‍ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ഓര്‍മയുടെ നീറ്റലില്‍ പൊള്ളി നില്‍ക്കുമ്പോഴും അവര്‍ ധീരയായിരുന്നുവെന്നും തങ്ങളാണ് തളര്‍ന്നു പോയതെന്നും വിശദീകരിക്കുന്നു.
അതിക്രമത്തിന് ഇരയായ നിമിഷങ്ങളെ നേരിട്ട അതേ മനക്കരുത്ത് ഇന്നലെയും അവളില്‍ ബാക്കിയുണ്ടായിരുന്നു. അത് ആര്‍ക്കും കവര്‍ന്നെടുക്കാനായിട്ടില്ല. ഒരു പെണ്‍കുട്ടിയുടെ മനസ്സിനെ ഒരിക്കലും കീഴ്പ്പെടുത്താനാകില്ലെന്ന് അവളുടെ മുഖം ഞങ്ങളോട് പറഞ്ഞു. ആ ധീരതയ്ക്കു മുന്നില്‍ സല്യൂട്ട് ചെയ്തു കൊണ്ട് എന്റെ പ്രിയ കൂട്ടുകാരിയെ ഞാന്‍ ചേര്‍ത്തു പിടിക്കുന്നു.. ഇപ്പോള്‍ നമ്മള്‍ ഭാവനയ്ക്ക് ഒപ്പം നില്‍ക്കുകയാണ് വേണ്ടത്. എന്നിട്ട് എന്തുകൊണ്ടിങ്ങനെ എന്ന് ഒരു നിമിഷം ചിന്തിക്കുക.
ചുണ്ടുവിരലുകള്‍ പരസ്പരം തോക്കു പോലെ പിടിച്ചതുകൊണ്ട് എന്താണ് പ്രയോജനം? സ്ത്രീ സമത്വമുള്‍പ്പെടെ പലതിലും മാതൃകയെന്ന് സ്വയം അഭിമാനിക്കുന്ന കേരളം ഇതിന് എന്ത് ഉത്തരം നല്‍കും? കേവലം പ്രസംഗങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതല്ല സ്ത്രീത്വത്തിന്റെ അഭിമാനം. അത് ചോദിച്ചോ കെഞ്ചിക്കരഞ്ഞോ വാങ്ങേണ്ടതുമല്ല. പുരുഷനു താന്‍ കൊടുക്കുന്ന ബഹുമാനം തിരിച്ചുകിട്ടാന്‍ സ്ത്രീക്ക് അവകാശമുണ്ട്. വീടിനകത്തും പുറത്തും ആ പരസ്പരബഹുമാനം ഒരു സംസ്‌കാരമായി തീരണം. അപ്പോഴേ പുരുഷന്‍ വേട്ടക്കാരനും സ്ത്രീ ഇരയുമായുന്ന പതിവ് അവസാനിക്കൂവെന്നും പോസ്റ്റില്‍ മഞ്ജു വാര്യര്‍ വ്യക്തമാക്കുന്നു.
പോസ്റ്റ് കാണാം

