മോഹന്‍ലാലിലുള്ള പ്രതീക്ഷ അസ്ഥാനത്തായെന്ന് വനിതാ കമ്മീഷന് അധ്യക്ഷ

തിരുവനന്തപുരം: എഎംഎംഎ നേതൃത്വത്തിലെത്തിയപ്പോള് മോഹന്ലാലിലുണ്ടായിരുന്ന പ്രതീക്ഷ അസ്ഥാനത്തായെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം.സി.ജോസഫൈന്. താരസംഘടനയുടെ നിലപാടിനെതിരെ ഡബ്ല്യുസിസി അംഗങ്ങള് രംഗത്തു വന്ന സാഹചര്യത്തിലാണ് ജോസഫൈന്റെ പ്രതികരണം.
മോഹന്‍ലാല്‍ എത്തിയപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം നിരാശനാക്കി. മോഹന്‍ലാല്‍ അല്‍പ്പം കൂടി ഉത്തരവാദിത്തം കാണിക്കണം. ആരാധകരെ നിലയ്ക്ക് നിര്‍ത്തുകയും നടിമാര്‍ക്കെതിരേ അവഹേളനം പാടില്ലെന്ന് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുകയും വേണമെന്നും ജോസഫൈന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എഎംഎംഎക്കെതിരെ ഡബ്ല്യുസിസി വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടന പക്ഷപാതപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തിയിരുന്നു.

