അവാർഡ്: ജയസൂര്യയുെട പ്രയത്‌നം ജൂറി കാണാതെ പോയതെന്തുകൊണ്ടെന്ന് മീരാ നന്ദൻ
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. അപ്പോത്തിക്കിരിയിലെ അഭിനയത്തിന് നടൻ ജയസൂര്യക്കായിരുന്നു അവാർഡ് നൽകേണ്ടിയിരുന്നത് എന്ന അഭിപ്രായവും ഉയർന്നുവന്നു. ജയസൂര്യയ്ക്ക് പുരസ്‌കാരം നൽകാത്തതിനെതിരെ നടി മീരാ നന്ദനും രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു മീരയുടെ പ്രതികരണം. നിവിൻ പോളിക്കും നസ്രിയയ്ക്കും എബ്രിഡ് ഷൈനും സംസ്ഥാന പുരസ്‌കാരം നേടിയ മറ്റുള്ളവരുടേയും നേട്ടത്തിൽ താൻ വളരെ സന്തോഷവതിയാണ്. എന്നാൽ ജയസൂര്യയുടെ പ്രയത്‌നം ജൂറി കാണാതെ പോയതെന്തുകൊണ്ടെന്നും അതിനുള്ള കാരണം അറിഞ്ഞാൽ കൊള്ളാമെന്നും മീര പറയുന്നു.
അവാർഡ് പ്രഖ്യാപനത്തെ പരിഹസിച്ച് നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു. സംവിധായകനും നടനുമായ ജോയ് മാത്യു, സംവിധായകൻ വിനോദ് മങ്കര എന്നിവരും ആക്കൂട്ടത്തിൽപ്പെടുന്നു. അവാർഡ് ലഭിക്കാത്തതിൽ താൻ ശരിക്കും നിരാശൻ എന്ന പരിഹാസ രൂപേണയായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം. തിരുവനന്തപുരത്ത് ചുറ്റുവട്ടത്തിരിക്കുന്ന ഒരു പണിയുമില്ലാത്ത കുറച്ചുപേർ എങ്ങനെ ജൂറിയാകുമെന്നായിരുന്നു വിനോദ് മങ്കരയുടെ പരിഹാസം.


