ഒതളങ്ങ തുരുത്തിലെ ‘നത്ത്’ സിനിമയില്‍ അരങ്ങേറുന്നു; പ്രഖ്യാപനം നടത്തി ജൂഡ് ആന്റണി ജോസഫ്

ലോക്ക് ഡൗണ്‍ സമയത്ത് യൂട്യൂബില്‍ ഹിറ്റായ വെബ് സീരീസ് ആണ് ഒതളങ്ങ തുരുത്ത്. അംബുജി ബിസിഎം ഒരുക്കിയ സീരീസിലെ അഭിനേതാക്കളുടെ പ്രകടനം വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. പിന്നീട് ഒതളങ്ങ തുരുത്ത് സിനിമയാവുന്നു എന്ന വാര്‍ത്തയും പുറത്തു വന്നു. തുരുത്തിലെ താരങ്ങള്‍ ഈ സിനിമയിലൂടെ ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നുവെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ തുരുത്തിലെ നത്ത് അതിനും മുന്പേ ബിഗ് സ്ക്രീനിലേക്ക് ചേക്കേറുകയാണ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രത്തിലാണ് നത്തിനെ അവതരിപ്പിച്ച അബിന്‍ ബിനോ അരങ്ങേറുന്നത്.
ഒതളങ്ങ തുരുത്ത് സിനിമയാകുമ്പോള്‍ അരങ്ങേറാന്‍ വച്ചിരുന്ന ഈ മുത്തിനെ എനിക്ക് വിട്ട് തന്ന ഒതളങ്ങ തുരുത്തിന്റ അണിയറപ്രവര്‍ത്തകരോട് നന്ദി അറിയിക്കുന്നു. ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ അബിന്‍ എന്ന് ഇക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് ജൂഡ് ആന്റണി ഫെയിസ്ബുക്കില്‍ കുറിച്ചു. അന്ന ബെന്‍, സണ്ണി വെയ്ന്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ശ്രിന്ദ, സിദ്ദിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
അന്‍വര്‍ റഷീദിന്റെ നിര്‍മാണത്തിലാണ് ഒതളങ്ങ തുരുത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. വെബ് സീരീസ് സംവിധാനം ചെയ്ത അംബുജി തന്നെയായിരിക്കും ചിത്രത്തിന്റെ സംവിധായകന്‍.