ഉദ്ഘാടന ചടങ്ങിന് എത്തിയ നടി നൂറിന് ഷെരീഫിനെ കയ്യേറ്റം ചെയ്തു; മൂക്കിന് പരിക്ക്

മഞ്ചേരി: ഉദ്ഘാടന ചടങ്ങിന് എത്തിയ നടി നൂറിന് ഷെരീഫിനെ ജനക്കൂട്ടം കയ്യേറ്റം ചെയ്തു. ഞായറാഴ്ച വൈകിട്ട് മഞ്ചേരിയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. എത്താന്‍ വൈകിയെന്ന് ആരോപിച്ചായിരുന്നു കയ്യേറ്റമെന്നാണ് വിവരം. കാത്ത് നിന്ന് ക്ഷമ നശിച്ച ജനക്കൂട്ടമാണ് ആക്രമിച്ചതെന്നാണ റിപ്പോര്‍ട്ട്. കയ്യേറ്റത്തില്‍ നടിയുടെ മൂക്കിന് പരിക്കേറ്റിട്ടുണ്ട്.
ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം വൈകിട്ട് 4 മണിക്കായിരുന്നു പറഞ്ഞിരുന്നത്. സമയത്ത് തന്നെ എത്തിയ നൂറിനോടും അമ്മയോടും കൂടുതല്‍ അളുകള്‍ എത്തട്ടെ എന്ന് പറഞ്ഞ് ഹോട്ടലില്‍ തന്നെ നില്ക്കാന് സംഘാടകര്‍ ആവശ്യപ്പെട്ടു. പിന്നീട് 6 മണിക്കാണ് നടിയെ ഉദ്ഘാടന സ്ഥലത്ത് എത്തിച്ചതെന്ന് അമ്മ പറഞ്ഞു. എന്നാല്‍ നേരത്തേ തന്നെ കാത്ത് നിന്നിരുന്ന ജനങ്ങള്‍ നൂറിന് എത്താന്‍ വൈകിയതിനെത്തുടര്‍ന്ന് ബഹളം വെക്കുകയായിരുന്നു.
അക്രമാസക്തരായ ജനങ്ങള്‍ സ്ഥലത്തെത്തിയ നടിയെയും ഒപ്പമുണ്ടായിരുന്നവരെയും വളഞ്ഞു. ഇതിനിടയിലാണ് നടിയുടെ മൂക്കിന് ആരോ ഇടിച്ചത്. മൂക്കിന് ഉള്‍വശത്താണ് പരിക്ക്. വേദിയിലേക്ക് നൂറിന് കയറുമ്പോളായിരുന്നു സംഭവം. ജനക്കൂട്ടം നിയന്ത്രണം വിട്ടതോടെ നൂറിന് മൈക്കില്‍ ജനങ്ങളോട് സംസാരിച്ചു. പരിക്കേറ്റ മൂക്ക് പൊത്തിപ്പിടിച്ചു കൊണ്ട് കരഞ്ഞു കൊണ്ടായിരുന്നു സംസാരിച്ചത്.
ജനക്കൂട്ടത്തെ സമാധാനിപ്പിച്ച് ചടങ്ങ് ആരംഭിച്ച നൂറിന് വൈകാന്‍ താനല്ല കാരണമെന്നും വ്യക്തമാക്കി. ഒന്നര മണിക്കൂറോളം നടി വേദിയില്‍ ചെലവഴിച്ചു.