സായികുമാറിന് ഒപ്പമല്ല താമസിക്കുന്നതെന്ന് ബിന്ദു പണിക്കർ
കൊച്ചി: താൻ സായികുമാറിനൊപ്പമല്ല താമസിക്കുന്നതെന്ന് നടി ബിന്ദു പണിക്കർ. നിയമപരമായി വിവാഹ ബന്ധം വേർപെടുത്തിയിട്ടില്ലാത്ത ആൾക്കൊപ്പം എങ്ങനെ താമസിക്കും. തന്റെയും സായികുമാറിന്റെയും മേൽവിലാസം രണ്ടാണെന്നും ബിന്ദു പണിക്കർ പറഞ്ഞു.
ബിന്ദു പണിക്കറുമായുള്ള സായികുമാറിന്റെ അടുപ്പമാണ് കുടുംബബന്ധം തകർത്തതെന്ന പ്രസന്ന കുമാരിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബിന്ദു പണിക്കരുടെ പ്രതികരണം. ഇത്തരം വാർത്തകളോട് പ്രതികരിക്കാനില്ല. തന്നെ മനസ്സിലാക്കുന്നവർക്കും അടുപ്പമുള്ളവർക്കും തന്നെ അറിയാമെന്നും ബിന്ദു പണിക്കർ പറഞ്ഞു.
സായികുമാർ ബിന്ദുപണിക്കർക്കൊപ്പം താമസിക്കാൻ തുടങ്ങിയതോടെയാണ് തങ്ങളുടെ കുടംബം തകർന്നതെന്ന് ഭാര്യ പ്രസന്ന കുമാരി കോടതിയിൽ പറഞ്ഞിരുന്നു. നേരത്തെ ചില പ്രശ്‌നങ്ങൾ തങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. എന്നാൽ ബിന്ദു പണിക്കർക്കൊപ്പമുള്ള താമസത്തോടെയാണ് അദ്ദേഹം തന്നെ പൂർണമായും ഉപേക്ഷിച്ചതെന്നും പ്രസന്നകുമാരി പറഞ്ഞു. സായികുമാറിന്റെ വിവാഹമോചന ഹർജി കൊല്ലം കുടുംബ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
1986ലാണ് നാടക നടിയും ഗായികയുമായ കൊല്ലം സ്വദേശിനി പ്രസന്നകുമാരിയെ സായികുമാർ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. കുറേക്കാലമായി ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയാണ്. ജീവനാംശം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസന്നകുമാരി നൽകിയ കേസിൽ 43,000 രൂപ പ്രതിമാസം നൽകാൻ കോടതി വിധിച്ചിരുന്നു. ഇതിനെതിരെ സായ്കുമാർ ഹൈക്കോടതിയെ സമീപിച്ചു. അപ്പീൽ തീർപ്പാകുന്നതുവരെ പ്രതിമാസം 33,000 രൂപ നൽകാനായിരുന്നു കോടതി നിർദ്ദേശം. ഇതിനിടെയാണ് അദ്ദേഹം വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബകോടതിയെ സമീപിച്ചത്.


