നടിയെ ആക്രമിച്ച കേസില്‍ മറ്റൊരു സാക്ഷിയെയും സ്വാധീനിക്കാന്‍ ശ്രമം; വാഗ്ദാനം 5 സെന്റ് ഭൂമിയും 25 ലക്ഷം രൂപയും

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ മറ്റൊരു സാക്ഷിയെക്കൂടി സ്വാധീനിക്കാന്‍ ശ്രമം. തൃശൂര്‍ ചുവന്നമണ്ണ് സ്വദേശി ജെന്സണ് ആണ് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് കാട്ടി പീച്ചി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ദിലീപിന് എതിരായ മൊഴി മാറ്റിയാല്‍ 5 സെന്റ് ഭൂമിയും 25 ലക്ഷം രൂപയും നല്‍കാമെന്നായിരുന്നു വാഗ്ദാനം. താന്‍ മൊഴി മാറ്റില്ലെന്നും സ്വാധീനങ്ങള്‍ക്ക് വഴങ്ങില്ലെന്നും ജെന്സണ് മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലം സ്വദേശിയായ നാസര്‍ എന്നയാളാണ് തന്നെ വിളിച്ചതെന്നും ദിലീപിന്റെ അഭിഭാഷകന്റെ നിര്‍ദേശം അനുസരിച്ചാണ് ഇയാള്‍ വിളിച്ചതെന്നും ജെന്സണ് നല്കിയ പരാതിയില്‍ പറയുന്നു.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്കൊപ്പം സബ്ജയിലില്‍ തടവുകാരനായിരുന്നു ജെന്സണ്. മോഷണക്കുറ്റത്തിന് ജയിലിലായിരുന്ന താനുമായി പള്‍സര്‍ സുനിക്ക് സൗഹൃദമുണ്ടായെന്നും ദിലീപ് പറഞ്ഞിട്ടാണ് നടിയെ ആക്രമിച്ചതെന്ന് സുനി തന്നോട് പറഞ്ഞുവെന്നും ജെന്സണ് പോലീസിന് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസിലെ സുപ്രധാന സാക്ഷികളില്‍ ഒരാളാണ് ജെന്സണ്.
കേസിലെ മാപ്പുസാക്ഷിയും ജയിലില്‍ സുനിക്കും ജെന്‍സണും ഒപ്പമുണ്ടായിരുന്ന ആളുമായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ പ്രദീപ് കുമാര്‍ ഇന്ന് രാവിലെ അറസ്റ്റിലായിരുന്നു. ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന പ്രദീപ് കുമാര്‍ വിപിന്‍ലാലിനോട് മൊഴി മാറ്റണമെന്ന് ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.