‘ട്രാന്‍സ്’ സിനിമയുടെ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ‘ദൈവ പ്രവൃത്തി വെളിപ്പെടും’ ശപിച്ച് പാസ്റ്റര്‍; വീഡിയോ
കൊച്ചി: രോഗശാന്തി ശ്രുശൂഷയും, ആത്മീയ കച്ചവടവും പ്രമേയമാകുന്ന അന്‍വര്‍ റഷീദ് ചിത്രം ‘ട്രാന്‍സി’നെതിരെ പാസ്റ്ററുടെ ശാപ വാക്കുകള്‍. ഗ്രേസ് ഫാമിലി ടിവി എന്ന വാട്ടര്‍മാര്‍ക്കോടെ പ്രചരിക്കുന്ന ആത്മീയ പ്രഭാഷണത്തിലാണ് പാസ്റ്റര്‍ വേഷധാരി സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ശാപ വചനങ്ങള്‍ ഉന്നയിക്കുന്നത്. ട്രാന്‍സിനെയും അത് നിര്‍മ്മിച്ചവരെയും ഏറെ നേരം പരിഹസിച്ച ശേഷമാണ് ഇയാള്‍ ശാപ വചനങ്ങള്‍ പറയുന്നത്.
പാസ്റ്ററുടെ വാക്കുകളില് ആവേശപൂണ്ട് ചിലര് കൈയ്യടിക്കുകയും ദൈവത്തെ സ്തുതിച്ച് പ്രാര്ത്ഥിക്കുകയും ചെയ്യുന്നത് വീഡിയോയില് കാണാം. ജീവനില്ലാത്ത ദിനോസറിനെ വിറ്റ് കാശാക്കിയ സിനിമാക്കാര്‍ കഥകളില്ലാഞ്ഞിട്ടാണ് പാസ്റ്റര്‍മാര്‍ക്ക് നേരെ തിരിഞ്ഞതെന്നും പ്രസംഗത്തില്‍ പറയുന്നുണ്ട്.
വീഡിയോയില്‍ പറയുന്നത്
സിനിമയ്ക്ക് കഥയൊന്നും ഒന്നുമില്ലാഞ്ഞിട്ട് പാസ്റ്റേഴ്സാണ് വിഷയം. നീ ആവശ്യം പോലെ സിനിമ ഞങ്ങടെ പേര് വെച്ച് പിടിച്ച് നല്ലപോലെ ഞം ഞം വച്ച് തിന്ന്, വേറെ നിവൃത്തിയില്ലെങ്കില്‍ ഞങ്ങടെ പേര് വെച്ച് അങ്ങോട്ട് ഞംഞം തിന്ന്. എന്താ കൊഴപ്പം, അതൊരു വിടുതല്‍ അല്ലേ. പേരിടാന്‍ അറിയത്തില്ലേ ഞങ്ങള്‍ ഇട്ട് തരാം സാറേ, ഈ പെന്തക്കോസ്തിന്റെ സഭകളില്‍, ലക്ഷങ്ങള്‍ കോടികള്‍ ഇത് വരെ വന്നിട്ടില്ല. ഇതിനകത്ത് ഇങ്ങനൊരു വിടുതല്‍ ഉണ്ടെന്ന് അവര്‍ക്കറിയില്ല. ഇതോടെ അത് അങ്ങ് മാറും. കാര്യങ്ങള്‍ക്ക് മാറ്റാന്‍ പോവുകയാണ്, ഇന്ത്യാ രാജ്യത്ത് മാറ്റം വരാന്‍ പോവുകയാണ്.
കസാന്ത് സാക്കീത് എന്ന ഞരമ്പ് രോഗി യേശുക്രിസ്തുവിന്റെ ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ജീസസ് ക്രൈസ്റ്റ് എന്ന നോവലെഴുതി യേശുവിന് എന്ത് ചുക്ക് ആണ് പറ്റീത്, യേശുവിനൊന്നും പറ്റീല്ലെങ്കില്‍ ഇതിലും വന്നാല്‍ നമ്മുക്കും ഒന്നും പറ്റൂല. നമ്മുടെ കാര്യം ആരും സിനിമ എടുക്കുന്നില്ലല്ലോ എന്ന് ചിന്തിച്ച് ഇരിക്കുകയായിരുന്നു, അത് ഏതായാലും നടന്നു. എടുത്തവര്‍ക്കും കഴിച്ചവര്‍ക്കും അഭിനയിച്ചവര്‍ക്കും സൊഖവാ, ഇനിയങ്ങോട്ട് സൊഖവാ, എന്നാന്നറിയോ, കോടിക്കണക്കിന് ജനങ്ങളാ പ്രാര്‍ത്ഥിക്കാന്‍ പോകുന്നത്. തമ്പുരാാാന്‍….., ആ തമ്പുരാന്റെ കൃപ അതിന്റെ മേല്‍ വ്യാപരിക്കും.
വീഡിയോ കാണാം.
