കോടതി മാറണമെന്ന നടിയുടെയും സര്‍ക്കാരിന്റെ ഹര്‍ജി തള്ളി; വിചാരണ പുനരാരംഭിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വിചാരണ കോടതി മാറണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയും സര്‍ക്കാരും നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പ്രത്യേക കോടതി മാറ്റാനാവില്ലെന്നും വിചാരണ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കാമെന്നും ജസ്റ്റിസ് വി.ജി.അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വിധിച്ചു. വിചാരണ കോടതി മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കോടതിയും പ്രോസിക്യൂഷനും ഒരുമിച്ച് പോകണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.
വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുകയാണെന്നും ഈ കോടതിയില്‍ നിന്ന് തനിക്ക് നീതി കിട്ടില്ലെന്നും കാട്ടിയായിരുന്നു നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രതിഭാഗത്തു നിന്നും തനിക്ക് കോടതിയില്‍ മാനസിക പീഡനം ഉണ്ടായി. ആ സമയത്ത് വനിതാ ജഡ്ജിയായിട്ടു പോലും ഇടപെട്ടില്ലെന്നും പ്രതിഭാഗത്തെ ഇരുപതോളം അഭിഭാഷകരാണ് കോടതിമുറിയില്‍ തന്നെ മാനസികമായി പീഡിപ്പിച്ചതെന്നും നടി വ്യക്തമാക്കിയിരുന്നു.
പ്രോസിക്യൂഷനും നടിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. നടിയുടെയും സാക്ഷിയുടെയും സുപ്രധാന മൊഴികള്‍ പലതും കോടതി രേഖപ്പെടുത്തിയില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പ്രതിഭാഗത്തിന് അനുകൂലമായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് തടഞ്ഞ കോടതി പക്ഷേ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാല്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ആവശ്യത്തില്‍ തീരുമാനം എടുക്കാതെ വൈകിപ്പിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.