നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി മാറ്റണമന്ന സര്ക്കാര് ഹര്ജി ചൊവ്വാഴ്ച സുപ്രീം കോടതിയില്‍. പ്രത്യേക കോടതിയിലെ ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
നടിയും സര്‍ക്കാരും നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കോടതി പക്ഷപാതപരമായി പെരുമാറുകയാണെന്നും ഇരയായ നടിയെ ഇരുപതിലേറെ അഭിഭാഷകരുടെ സാന്നിധ്യത്തില്‍ മണിക്കൂറുകളോളം ക്രോസ് വിസ്താരം ചെയ്തു ബുദ്ധിമുട്ടിച്ചുവെന്നും സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഇത് രഹസ്യവിചാരണയുടെ അന്തസത്ത തകര്‍ക്കുകയാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ സുപ്രീം കോടതിയെ കേസിലെ പ്രതിയായ ദിലീപും സമീപിച്ചിട്ടുണ്ട്. തന്റെ ഭാഗം കേള്‍ക്കാതെ കേസില്‍ തീരുമാനം എടുക്കുകയോ വിധി പറയുകയോ ചെയ്യരുതെന്നാണ് തടസ ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. വിചാരണക്കോടതി മാറരുതെന്നും ദിലീപ് ആവശ്യപ്പെടുമെന്നാണ് വിവരം. ഫെബ്രുവരിക്കുള്ളില്‍ കേസിലെ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ജഡ്ജിയെ മാറ്റിയാല്‍ ഈ സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും ദിലീപ് വാദിച്ചേക്കും.