ഉണ്ണി രാജന്‍ പി ദേവിന്റെ ഭാര്യയുടെ ആത്മഹത്യ; അസ്വാഭാവിക മരണത്തിന് കേസ്, ബന്ധുക്കളുടെ മൊഴിയെടുത്തു

നടന് ഉണ്ണി രാജന് പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയില് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്.
 | 
ഉണ്ണി രാജന്‍ പി ദേവിന്റെ ഭാര്യയുടെ ആത്മഹത്യ; അസ്വാഭാവിക മരണത്തിന് കേസ്, ബന്ധുക്കളുടെ മൊഴിയെടുത്തു

തിരുവനന്തപുരം: നടന്‍ ഉണ്ണി രാജന്‍ പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. കേസില്‍ ബന്ധുക്കളുടെ മൊഴിയെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. അതിന് ശേഷം തുടര്‍ നടപടിയുണ്ടാകുമെന്ന് വട്ടപ്പാറ സിഐ അറിയിച്ചു.

ബുധനാഴ്ചയാണ് പ്രിയങ്കയെ വെമ്പായത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗാര്‍ഹിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. ഉണ്ണിക്കെതിരെ ചൊവ്വാഴ്ച പ്രിയങ്ക പോലീസില്‍ പരാതി നല്‍കിയിരുന്നു. പീഡനം സഹിക്കവയ്യാതെയാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് പറഞ്ഞു. പ്രിയങ്കയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു.

ഇവരുടേത് പ്രണയ വിവാഹമായിരുന്നു. തുടക്കത്തില്‍ കുഴപ്പങ്ങളില്ലായിരുന്നു. പിന്നീട് ഉണ്ണി പ്രിയങ്കയുടെ ആഭരണങ്ങള്‍ വിറ്റഴിച്ചു. ഇടക്കിടെ പണം ആവശ്യപ്പെടുമായിരുന്നുവെന്നും ചോദിക്കുന്ന പണം പ്രിയങ്കയുടെ അമ്മ അയച്ചുകൊടുക്കുമായിരുന്നുവെന്നും ബന്ധുവായ രേഷ്മ പറഞ്ഞു. എല്ലാം വിറ്റു തുലച്ച ശേഷം പ്രിയങ്കയെ വീട്ടില്‍ നിന്ന് അടിച്ചിറക്കുകയായിരുന്നു. ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രിയങ്ക റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും ബന്ധു വെളിപ്പെടുത്തി.

ഒന്നര വര്‍ഷം മുന്‍പ് വിവാഹിതരായ ഇവര്‍ അങ്കമാലിയില്‍ ആയിരുന്നു താമസിച്ചിരുന്നത്. ഉപദ്രവം തുടങ്ങിയിട്ട് നാലഞ്ച് മാസമേ ആയിട്ടുള്ളു. പണം ആവശ്യപ്പെട്ടായിരുന്നു ഉപദ്രവം. കഴിഞ്ഞ 10-ാം തിയതി പ്രിയങ്ക സഹോദരനെ വിളിച്ചു പരാതി പറഞ്ഞു. 11-ാം തിയതി സഹോദരന്‍ എത്തി പ്രിയങ്കയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.