പോലീസ് വീണ്ടും നിയമോപദേശം തേടി; ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും അറസ്റ്റ് ഉടനുണ്ടാവില്ലെന്ന് സൂചന

തിരുവനന്തപുരം: അശ്ലീല യൂട്യൂബര്‍ വിജയ് പി.നായരെ മര്‍ദ്ദിച്ച കേസില്‍ വീണ്ടും നിയമോപദേശം തേടി പോലീസ്. ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും എതിരെ ചുമത്തിയ വകുപ്പുകള്‍ സംബന്ധിച്ചാണ് നിയമോപദേശം തേടിയതെന്നാണ് വിവരം. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവില്ലെന്നാണ് സൂചന. ഇവര്‍ക്കെതിരെ മോഷണക്കുറ്റം ചുമത്തിയിരുന്നു. വിജയ് പി.നായരുടെ മൊബൈല്‍ ഫോണും ലാപ്ടോപ്പും വീട് ആക്രമിച്ച് കവര്‍ന്നു എന്നാണ് കുറ്റം. ഇത് നിലനില്‍ക്കുമോ എന്നാണ് പരിശോധിക്കുന്നത്.
വിജയ് പി. നായരുടെ മുറിയില്‍ നിന്ന് ഇവര്‍ എടുത്ത ഫോണും ലാപ്ടോപ്പും പോലീസിന് കൈമാറിയിരുന്നു. കേസില്‍ ഇവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി തള്ളിയിരുന്നു. ഇതിന് ശേഷം മൂന്ന് പേരും ഒളിവിലാണെന്ന് പോലീസ് പറഞ്ഞിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു.
പ്രതികള്‍ അതിക്രമിച്ചു കയറി മോഷണം ഉള്‍പ്പെടെ നടത്തിയെന്നും ജാമ്യം നല്കിയാല് അത് നിയമം കയ്യിലെടുക്കാനുള്ള തെറ്റായ സന്ദേശം നല്‍കുമെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുകയും വിജയ് പി.നായര്‍ക്ക് എതിരെ നിസാര വകുപ്പുകള്‍ ചുമത്തുകയുമായിരുന്നു പോലീസ് ആദ്യം ചെയ്തത്.