നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഗണേഷിന്റെ പിഎയെ അറസ്റ്റ് ചെയ്യണമെന്ന് പോലീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കെ.ബി.ഗണേഷ്കുമാര് എംഎല്‍എയുടെ പിഎ പ്രദീപ്കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് പോലീസ്. ഭീഷണിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഉന്നത സ്വാധീനമുള്ള പ്രദീപ്കുമാര്‍ മറ്റു സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് അന്വേഷണസംഘം ഇന്ന് കാസര്‍കോട് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.
പ്രദീപിനെ വ്യാഴാഴ്ച 6 മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തിരുന്നു. ഇയാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കേസ് അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാല്‍ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നുമാണ് പോലീസ് ആവശ്യപ്പെടുന്നത്. വിപിന്‍ലാലിന് ലഭിച്ച ഭീഷണി ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ പ്രദീപ്കുമാറിന്റെ പങ്ക് വ്യക്തമായിട്ടുണ്ട്. മൂന്ന് ഭീഷണിക്കത്തുകളാണ് വിപിന്‍ലാലിന് ലഭിച്ചത്.
ഇവയില്‍ രണ്ടെണ്ണം എറണാകുളത്തു നിന്നാണ് അയച്ചതെന്നും ഒരെണ്ണത്തിന്റെ വിലാസം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ജനുവരിയില്‍ കൊച്ചിയില്‍ നടത്തിയ ഗൂഢാലോചയ്ക്ക് ശേഷമാണ് വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയത്. ഈ യോഗത്തില്‍ പ്രദീപ്കുമാര്‍ പങ്കെടുത്തിരുന്നോ എന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.