മൊഴിമാറ്റാന്‍ ഭീഷണിയെന്ന് നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷി; പരാതിയില്‍ കേസെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റിപ്പറയാന്‍ ഭീഷണിയെന്ന് പരാതിയുമായി മുഖ്യസാക്ഷി. പോലീസിന് നല്കിയ മൊഴി കോടതിയില്‍ മാറ്റിപ്പറയണം എന്നാണ് ഭീഷണിയെന്ന് സാക്ഷി വിപിന്‍ ലാല്‍ പോലീസില്‍ പരാതി നല്കി. കത്തിലൂടെയും ഫോണിലൂടെയും ഭീഷണിയുണ്ട്. താന്‍ സാക്ഷിമൊഴി നല്‍കാനുള്ള ദിവസം അടുത്തു വരുന്നതിനിടെയാണ് ഭീഷണിയെന്നും വിപിന്‍ ലാല്‍ പറഞ്ഞു. പരാതിയില്‍ പോലീസ് കേസെടുത്തു.
കേസില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. കാസര്‍കോട് സ്വദേശിയായ വിപിന്‍ലാല്‍ ബേക്കല്‍ പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി അടക്കമുള്ളവര്‍ക്ക് ജയിലില്‍ വെച്ച് കത്തെഴുതാന്‍ സഹായിച്ചത് ഇയാളാണ്. ആവശ്യപ്പെട്ട കാര്യം നടത്തിക്കഴിഞ്ഞെന്നും ബാക്കി തുക നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്തെഴുതിയത്. ഈ കത്തിലെ വിവരങ്ങള്‍ പുറത്തു വന്നതോടെ വിവാദമായിരുന്നു.
വിചാരണ തുടരുന്ന കേസില്‍ സാക്ഷികള്‍ പലരും കൂറുമാറിയതിനെ തുടര്‍ന്ന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. സാക്ഷികളെ സ്വാധീനിക്കരുതെന്ന ജാമ്യ വ്യവസ്ഥ ദിലീപ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന് കോടതിയെ സമീപിച്ചത്. ഇടവേള ബാബു, ബിന്ദു പണിക്കര്‍, ഭാമ, സിദ്ദിഖ് എന്നിവരാണ് കൂറുമാറിയത്.