സമവായത്തിനില്ല; ഷെയ്ന് നിഗമിനെതിരെ നിയമനടപടിക്കൊരുങ്ങി നിര്‍മാതാക്കള്‍

കൊച്ചി: ഷെയ്ന് നിഗമിനെതിരെ നിര്‍മാതാക്കള്‍ നിയമനടപടിക്ക് ഒരുങ്ങുന്നുവെന്ന് സൂചന. ഇക്കാര്യത്തില്‍ 19-ാം തിയതി ചേരുന്ന നിര്‍മാതാക്കളുടെ സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം തീരുമാനമെടുക്കും. നിര്‍മാണം നിലച്ച രണ്ട് സിനിമകള്‍ക്ക് ചെലവായ തുക ഷെയ്ന് നല്‍കണമെന്നാണ് നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നത്. ഇതിന് തയ്യാറായില്ലെങ്കില്‍ നിയമ നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് ഷെയ്ന് നിര്‍മാതാക്കള്‍ക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയിരുന്നു. ഇതാണ് കാര്യങ്ങള്‍ വീണ്ടും രൂക്ഷമാക്കിയതെന്നാണ് വിവരം. നിര്‍മാതാക്കളെ മനോരോഗികള്‍ എന്ന് ഷെയ്ന് വിളിച്ചുവെന്ന കാരണമുന്നയിച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ നിന്ന് സിനിമാ സംഘടനകളായ അമ്മയും ഫെഫ്കയും പിന്മാറിയിരുന്നു. ഷെയ്ന് മാപ്പ് പറയാതെ ഒത്തുതീര്‍പ്പിനില്ലെന്ന് പിന്നാലെ നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കുകയും ചെയ്തിരുന്നു.
അതേസമയം മറ്റു ഭാഷകളിലെ ചിത്രങ്ങളിലും ഷെയ്നെ വിലക്കാന്‍ നിര്‍മാതാക്കളുടെ സംഘടന നീക്കം തുടങ്ങി. ഷെയ്നെ സഹകരിപ്പിക്കരുതെന്ന ആവശ്യവുമായി ആവശ്യപ്പെട്ട് കേരള ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിനും പ്രൊഡ്യൂസേഴ്സ് ഗില്‍ഡിനും കത്തയച്ചു. നിര്‍മാതാക്കളുടെ സംഘടന നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഫിലിം ചേംബര്‍ കത്തയച്ചത്. കരാര്‍ ലംഘനത്തിന് പുറമേ നിര്‍മാതാക്കളെ മനോരോഗികളെന്ന് വിളിച്ചതാണ് പ്രകോപനം.