പക്ഷപാതപരമായി പെരുമാറുന്നു; നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസില് വാദം കേള്ക്കുന്ന ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്.
 | 
പക്ഷപാതപരമായി പെരുമാറുന്നു; നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വാദം കേള്‍ക്കുന്ന ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍. ജഡ്ജി പക്ഷപാതപരമായി പെരുമാറുകയാണെന്നും അതിനാല്‍ വിചാരണ നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കി. കേസ് മറ്റൊരു കേടതിയിലേക്ക് മാറ്റുന്നതിനായി ഹൈക്കോടതിയെ സമീപിക്കാനുള്ള സമയമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 14-ാം തിയതി പ്രോസിക്യൂഷന്‍ സാക്ഷിയായ ശരത് ബാബുവിനെ വിസ്തരിക്കുന്നതിനിടെ സ്‌പെഷ്യല്‍ രപ്രോസിക്യൂട്ടര്‍ക്ക് എതിരെ ജഡ്ജി ചില പരാമര്‍ശങ്ങളും ആരോപണങ്ങളും ഉന്നയിച്ചുവെന്നും അവയെല്ലാം അടിസ്ഥാനരഹിതവും സത്യവിരുദ്ധവുമാണെന്നും പരാതിയില്‍ പറയുന്നു.

ഇക്കാര്യത്തില്‍ കോടതിയില്‍ തന്നെ പ്രോസിക്യൂഷന്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിമുറിയില്‍ ഇല്ലാതിരുന്നപ്പോള്‍ ജഡ്ജി ഒരു ഊമക്കത്ത് തുറന്ന കോടതിയില്‍ വായിക്കുകയും അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുകയുമായിരുന്നു. ഈ സമയത്ത് പ്രതികളുടെ അഭിഭാഷകനും സാക്ഷിയും അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂഷനെ സഹായിക്കുന്ന ഉദ്യോഗസ്ഥരും കോടതിയില്‍ ഉണ്ടായിരുന്നു.

കോടതിയുടെ ഈ പെരുമാറ്റം അങ്ങേയറ്റം പക്ഷപാതപരമാണ്. ഇത് നീതിന്യായ വ്യവസ്ഥയെയും പ്രോസിക്യൂഷനെയും തകര്‍ക്കുന്ന വിധത്തിലാണ്. ഈ കോടതിയില്‍ തന്നെ കേസ് തുടരുന്നാല്‍ ശരിയായ വിചാരണ ഉണ്ടാവില്ലെന്നും അതിനാല്‍ നീതിക്കു വേണ്ടി നിലകൊള്ളേണ്ടത് പ്രോസിക്യൂഷന്റെ കടമയാണെന്ന് കരുതുന്നതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

8-ാം പ്രതിയായ ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും അതിലും കോടതി തീരുമാനം എടുത്തിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ആക്രമണത്തിന് ഇരയായ നടിയുടെ ആവശ്യപ്രകാരം പ്രത്യേക കോടതിയില്‍ വനിതാ ജഡ്ജിയാണ് കേസില്‍ വാദം കേള്‍ക്കുന്നത്.