സുപ്രീം കോടതിയുടെ അംഗീകാരം; രണ്ടാമൂഴം കേസ് ഒത്തുതീര്‍ന്നു

ന്യൂഡല്‍ഹി: രണ്ടാമൂഴം കേസ് ഒത്തുതീര്‍പ്പാക്കാനുള്ള കരാറിന് സുപ്രീം കോടതിയുടെ അംഗീകാരം. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ഒത്തുതീര്‍പ്പാക്കാനുള്ള തീരുമാനം അഭിഭാഷകര്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഇത് അംഗീകരിച്ച കോടതി ഇരു കൂട്ടരും തമ്മിലുള്ള വ്യവഹാരങ്ങള്‍ പിന്‍വലിക്കാന്‍ അനുമതി നല്കി. ധാരണയനുസരിച്ച് തിരക്കഥയുടെ പൂര്‍ണ്ണ അവകാശം എംടിക്കായിരിക്കും. അഡ്വാന്‍സ് തുകയായി സ്വീകരിച്ച ഒന്നേകാല്‍ കോടി രൂപ എംടി മടക്കി നല്‍കും. കഴിഞ്ഞ ദിവസമാണ് എംടിയും സംവിധായകന് വി.എ.ശ്രീകുമാര്‍ മേനോനും തമ്മില്‍ ഒത്തുതീര്‍പ്പ് ധാരണയില്‍ എത്തിയത്. രണ്ടാമൂഴത്തിന് സമാനമായ കഥയില്‍ ശ്രീകുമാര്‍ മേനോന് സിനിമയെടുക്കില്ലെന്നും ധാരണയുണ്ട്.
തിരക്കഥ സംബന്ധിച്ച് സംവിധായകനുമായുള്ള കരാര്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് 2018 ഒക്ടോബറിലാണ് എംടി രണ്ടാമൂഴം സിനിമയില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. എംടിയുടെ രണ്ടാമൂഴം നോവലിനെ ആസ്പദമാക്കി ശ്രീകുമാര്‍ മേനോന് പ്രഖ്യാപിച്ച ബിഗ് ബജറ്റ് ചിത്രത്തിനായി മൂന്നു വര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാര്‍. മോഹന്‍ലാല്‍ മുഖ്യകഥാപാത്രമായി എത്തുമെന്നായിരുന്നു പ്രഖ്യാപനം. നാല് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് എംടി തിരക്കഥ കൈമാറിയത്. കരാര്‍ കാലാവധിക്കുള്ളില്‍ ചിത്രം പൂര്‍ത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ.
എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷവും സിനിമയുടെ ചിത്രീകരണം പോലും ആരംഭിക്കാത്തതിനാലാണ് എംടി ചിത്രത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചത്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥയാണ് എം ടി സംവിധായകന് കൈമാറിയത്. അഡ്വാന്‍സായി വാങ്ങിയ തുക തിരികെ നല്കാന് തയ്യാറാണെന്നും എംടി വ്യക്തമാക്കിയിരുന്നു. തിരക്കഥ തിരികെ ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കേസ് പിന്നീട് സുപ്രീം കോടതിയില്‍ എത്തി. വ്യവസായി ബി.ആര്.ഷെട്ടിയായിരുന്നു ചിത്രം നിര്‍മിക്കാനിരുന്നത്. 1000 കോടി മുതല്‍മുടക്കില്‍ ചിത്രമൊരുങ്ങുന്നു എന്നായിരുന്നു പ്രഖ്യാപനം.
എംടി പിന്മാറിയതിനെ തുടര്‍ന്ന് മഹാഭാരതം എന്ന പേരില്‍ ചിത്രം നിര്‍മിക്കുമെന്ന് ഷെട്ടി പ്രഖ്യാപിച്ചിരുന്നു. മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായാണ് നിര്‍മിക്കുന്നതെന്നും ഷെട്ടി പ്രഖ്യാപിച്ചിരുന്നു. അതേസമയം രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി നിര്‍മിക്കുന്ന ചിത്രത്തിന് മഹാഭാരതം എന്ന പേരിട്ടാല്‍ തീയേറ്റര്‍ കാണില്ലെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികല ഭീഷണിപ്പെടുത്തിയിരുന്നു. ചിത്രം പ്രഖ്യാപിച്ചതു മുതല്‍ പേരിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയിലും ഭീഷണിയുമായെത്തിയിരുന്നു.