നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ആക്രമണത്തിനിടെ പകര്‍ത്തിയ ദൃശ്യങ്ങള്‍ കൈമാറണമെന്നായിരുന്നു സുപ്രീം കോടതിയില്‍ ദിലീപിന്റെ ഹര്‍ജി. ദിലീപിന് ദൃശ്യങ്ങള്‍ കാണാമെന്നും എന്നാല്‍ അവ കൈമാറാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇരയുടെ സ്വകാര്യത പരിഗണിച്ചാണ് ദൃശ്യങ്ങള്‍ നല്‍കാത്തതെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസ് എ.എം.ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. ദൃശ്യങ്ങള്‍ പരിശോധിക്കുന്നത് സംബന്ധിച്ച് കോടതി ചില മാര്‍ഗ്ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. നേരത്തേ വിചാരണക്കോടതിയും ഹൈക്കോടതിയും പീഡന ദൃശ്യങ്ങള്‍ ദിലീപിന് കൈമാറാന്‍ വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്.
ദൃശ്യങ്ങള്‍ നല്‍കരുതെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടിയും കേസില്‍ കക്ഷിചേര്‍ന്നിരുന്നു. ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരും സ്വീകരിച്ചത്. ഹര്‍ജിയില്‍ സുപ്രീം കോടതി നടപടികള്‍ ആരംഭിച്ചതോടെ വിചാരണക്കോടതിയിലെ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. സുപ്രീം കോടതി വിധി വന്ന പശ്ചാത്തലത്തില്‍ വിചാരണ വീണ്ടും ആരംഭിക്കാന്‍ കഴിയും.