നടി ആക്രമിക്കപ്പെട്ട കേസ്; മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയത് ഗണേഷ് കുമാറിന്റെ സെക്രട്ടറിയെന്ന് പോലീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില് മാപ്പുസാക്ഷിയായ വിപിന്ലാലിനെ ഭീഷണിപ്പെടുത്തിയത് കെ.ബി.ഗണേഷ്കുമാര് എംഎല്എയുടെ സെക്രട്ടറിയെന്ന് പോലീസ്. ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറാണ് വിപിന്‍ലാലിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് ബേക്കല്‍ പോലീസ് ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ദിലീപിന് എതിരായ മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് തനിക്ക് ഭീഷണിക്കത്തുകളും കോളുകളും വരുന്നുണ്ടെന്ന് വിപിന്‍ലാല്‍ നേരത്തേ പരാതി നല്‍കിയിരുന്നു.
കാസര്‍കോട് ബേക്കല്‍ സ്വദേശിയായ വിപിന്‍ലാലിനെ കാണാന്‍ തൃക്കണ്ണാത്തറയിലെ ബന്ധുവീട്ടില്‍ എത്തിയ പ്രദീപ് കുമാറിന് വിപിനെ കാണാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് വിപിന്റെ അമ്മാവന്‍ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടെ ജ്വല്ലറിയില്‍ എത്തി. ഇവിടെ നിന്ന് ഫോണില്‍ വിളിച്ച് വിപിനോട് മൊഴി മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദീപ് കുമാര്‍ താമസിച്ച ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകളും ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു.
മൊഴി മാറ്റാന്‍ തനിക്ക് ലക്ഷങ്ങളാണ് വാഗ്ദാനമെന്നും മൊഴി മാറ്റിയില്ലെങ്കില്‍ നാളുകള്‍ എണ്ണപ്പെട്ടെന്ന് ഭീഷണിയുണ്ടെന്നും വിപിന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിക്കൊപ്പം ജയിലില്‍ തടവുകാരനായിരുന്നു നിയമ വിദ്യാര്‍ത്ഥിയായിരുന്ന വിപിന്‍ലാല്‍. സുനി ദിലീപിന് എഴുതിയ കത്ത് ജയിലില്‍ വെച്ച് തയ്യാറാക്കി നല്‍കിയത് വിപിന്‍ ലാലാണ്.