എസ്ജി 250 ടൈറ്റില്‍ പ്രഖ്യാപനം ഇന്ന്; കോടതി വിലക്കിയ ചിത്രം അതേ സ്ക്രിപ്റ്റില്‍ ആരംഭിക്കുമെന്ന് സുരേഷ് ഗോപി, വിവാദം തുടരും

സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം ഇന്ന് 6 മണിക്ക്. തിരക്കഥ കോപ്പിറൈറ്റ് കേസില്‍ കുടുങ്ങിയതോടെ വിവാദത്തിലായ ചിത്രം അതേ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും തിരക്കഥയുമായി ആരംഭിക്കുമെന്ന് ഇതു സംബന്ധിച്ച ട്വീറ്റില്‍ സുരേഷ് ഗോപി അറിയിച്ചു. കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന പേരില്‍ ആദ്യം പ്രഖ്യാപിച്ച ചിത്രത്തിനെതിരെ പൃഥ്വിരാജ് നായകനാകുന്ന ഷാജി കൈലാസ് ചിത്രം കടുവയുടെ തിരക്കഥാകൃത്ത് ജിനു ഏബ്രഹാം ആണ് കോടതിയെ സമീപിച്ചത്.
കേസില്‍ കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന പേര് ഉപയോഗിച്ചുള്ള പ്രചാരണം നിര്‍ത്തിവെക്കണമെന്ന് എസ്ജി 250യുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. പകര്‍പ്പവകാശം ലംഘിച്ചതായി പിന്നീട് ഹൈക്കോടതിയും കണ്ടെത്തിയിരുന്നു. സുരേഷ് ഗോപിയുടെ കുറുവച്ചന് കോടതി വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ ഷാജി കൈലാസ് ചിത്രത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന കഥാപാത്രമായി പൃഥ്വിരാജ് ആണ് കടുവയില്‍ അഭിനയിക്കുന്നത്.
ഇപ്പോള്‍ കോടതി വിലക്ക് നിലവിലിരിക്കെ അതേ തിരക്കഥയില്‍ ചിത്രം ഒരുങ്ങുമെന്നാണ് സുരേഷ് ഗോപിയുടെ പ്രഖ്യാപനം. മലയാളത്തിലെ എല്ലാ പ്രമുഖ താരങ്ങളുടെയും ചിത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററാണ് പ്രഖ്യാപന ട്വീറ്റിനൊപ്പം നല്‍കിയിരിക്കുന്നത്. എന്നാല്‍ പൃഥ്വിരാജിന്റെ ചിത്രം മാത്രം ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ 100 താരങ്ങളായിരിക്കും ഇന്ന് വൈകിട്ട് 6 മണിക്ക് ടൈറ്റില്‍ പ്രഖ്യാപനം നടത്തുക. മുളകുപ്പാടം ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. തിരക്കഥ വിവാദം താരയുദ്ധത്തിലേക്ക് വഴിമാറുമോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
Make sure you’re not going to miss this. Unveiling the title of #SG250 at 6 PM today with the same cast, crew and script! pic.twitter.com/Mi3PFYnCVW
— Suresh Gopi (@TheSureshGopi) October 26, 2020